Monday, October 28, 2013

നിതാഖാത്: അബ്ദുള്ള രാജാവ് ഇനി ഇടപെടില്ലെന്ന് സൂചന ഇളവ് കാലാവധി അവസാനിക്കാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ സൗദിയില്‍ നിതാഖാത് ശക്തമാക്കാന്‍ കടുത്ത നടപടികള്‍. നവംബര്‍ മൂന്നിനുശേഷം രാജ്യമെങ്ങും പരിശോധന നടത്താന്‍ തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷാ വിഭാഗവും ചേര്‍ന്ന സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇളവ് കാലാവധി നീട്ടുന്ന കാര്യത്തില്‍ അബ്ദുള്ള രാജാവ് ഇനി ഇടപെടില്ലെന്നാണ് സൂചന. ഇതോടെ നവംബര്‍ മൂന്നിനുശേഷം പതിനായിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്ന് ഉറപ്പായി. ഇളവ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രവേശന നിരോധം ഏര്‍പ്പെടുത്തിയാകും നാടുകടത്തുന്നത്. സൗദിയിലെ മുഴുവന്‍ കമ്പനികളിലും സ്ഥാപനങ്ങളിലും നിയമലംഘകരില്ലെന്ന് ഉറപ്പ് വരുത്തുന്നതുവരെ പരിശോധന തുടരാനാണ് സര്‍ക്കാര്‍ നീക്കം. പരിശോധന കര്‍ശനമാക്കാന്‍ പുതുതായി 1000 പരിശോധകരെ ക്കൂടി നിയമിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കാന്‍ തൊഴില്‍മന്ത്രാലയവും പൊതുസുരക്ഷാ വിഭാഗവും ചേര്‍ന്ന് പ്രത്യേക 'ഓപ്പറേഷന്‍ റൂം' സജ്ജീകരിക്കും. ഓരോദിവസവും നടത്തുന്ന പരിശോധനകളുടെ വിവരങ്ങള്‍ റിയാദിലെ ഓപ്പറേഷന്‍ റൂമിലേക്ക് കൈമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കുന്നതിനായി രാജ്യത്തെ എല്ലാ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സൗകര്യമൊരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം നിതാഖാത് ഇളവുകാലം അവസാനിക്കുന്നതിന്റെ പിറ്റേദിവസം മുതല്‍ രാജ്യമെങ്ങും കര്‍ശന പരിശോധന നടത്താന്‍ സൗദി ആഭ്യന്തരമന്ത്രി മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ പാസ്‌പോര്‍ട്ട് വിഭാഗം, പൊതുസുരക്ഷാ വിഭാഗം എന്നിവയ്ക്ക് പുറമെ വിവിധ മേഖലാ ഗവര്‍ണറേറ്റുകളോടും പരിശോധനയില്‍ പങ്കെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സൗദിയുടെ എല്ലാ മേഖലകളിലും ഒരേസമയം പരിശോധന നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം. മുഹറം ഒന്നിനുതന്നെ പരിശോധനകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ആഭ്യന്തര മന്ത്രിയുടെ നിലപാട്. പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ ആദ്യം കസ്റ്റഡിയില്‍വെച്ച് പിന്നീട് ജയിലുകളിലേക്ക് മാറ്റും. നിയമലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകളാകും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഈ നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മലയാളികള്‍ നെട്ടോട്ടത്തില്‍ ഇളവ് കാലാവധി നീട്ടുമെന്ന പ്രതീക്ഷയില്‍ രേഖകള്‍ ശരിയാക്കാതെ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് മലയാളികള്‍ ഇപ്പോള്‍ നെട്ടോട്ടത്തില്‍. ഇതിനുമുമ്പ് ഇളവ് കാലാവധി നീട്ടിയതുപോലെ ഇക്കുറിയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് ഇപ്പോള്‍ നെട്ടോട്ടമോടുന്നത്. റംസാന്‍ കാലത്തും ഹജ്ജ് കാലത്തും അബ്ദുള്ള രാജാവ് നല്‍കിയ ഇളവ് തുടരില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ രേഖകള്‍ ശരിയാക്കാനുള്ള ശ്രമത്തിലാണ് ആയിരക്കണക്കിന് മലയാളികള്‍. ഇളവ്കാലം അവസാനിക്കുന്നതോടെ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും അനുവദിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങളും അവസാനിപ്പിക്കുമെന്ന് തൊഴില്‍മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിസ, തൊഴില്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതോടെ ആയിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്ന് ഉറപ്പാണ്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന തൊഴിലാളികള്‍ക്ക് താമസ, വാഹന സൗകര്യങ്ങള്‍ നല്‍കുന്നവരെയും പിടികൂടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും മലയാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. 12 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇളവ് കാലാവധി പ്രയോജനപ്പെടുത്തിയത്. ഇതിനകം 3.60 ലക്ഷം പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയപ്പോള്‍ 3.50 ലക്ഷം പേര്‍ പ്രൊഫഷന്‍ മാറി. 4.65 ലക്ഷം പേര്‍ ഇഖാമ പുതുക്കി. ഒറിജിനല്‍ ഇഖാമയോ പാസ്‌പോര്‍ട്ടോ ഇല്ലാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കാത്തവര്‍ക്കായി ഇന്ത്യന്‍ എംബസി പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറുകളും തുറന്നിരുന്നു. By Mathrubhumi..

1 comment:

  1. Very good content, this is very knowledgeable for students and professionals as well.


    Open Demat account and get benefits worth Rs 10,000. Join Indira Securities Now!
    best Stock Broker

    ReplyDelete