Thursday, November 7, 2013

നിതാഖാത്തിനിടയില്‍ നോര്‍കയുടെ പുട്ടുകച്ചവടം


നിതാഖാത് പരിഷ്കരണം കര്‍ശനമായി നടപ്പാക്കുന്നതിന്‍െറ പ്രത്യാഘാതം എങ്ങനെ ഏറ്റുവാങ്ങും എന്ന ഭീതിയില്‍ സൗദി അറേബ്യയിലെ പ്രവാസികളും അവരുടെ കുടുംബവും തീ തിന്നുന്നതിനിടയില്‍ നമ്മുടെ പ്രവാസി വകുപ്പ് പുട്ടുകച്ചവടം നടത്തി എന്നു പറഞ്ഞാല്‍ തെറ്റാവില്ല. കോടികള്‍ മുടക്കി പ്രവാസികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ സായുജ്യത്തിലാണിവര്‍. ആ കണക്കാവട്ടെ, യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ഗള്‍ഫ് പ്രവാസം അര നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ മറുനാട്ടില്‍ ജീവിതമാര്‍ഗം തേടിപ്പോയ കേരളീയരുടെ കണക്കെടുക്കാന്‍ നടത്തുന്ന ഏതു ശ്രമവും ശ്ളാഘനീയമാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അവരുടെ ക്ഷേമ-പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ആധികാരികവും സൂക്ഷ്മവുമായ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണുതാനും. എന്നാല്‍, ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്‍െറ സഹായത്തോടെ ‘നോര്‍ക’ പൂര്‍ത്തിയാക്കിയ സര്‍വേയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ.സി. ജോസഫ് പുറത്തുവിട്ടപ്പോള്‍ പ്രവാസിസമൂഹവും ഈ വിഷയത്തില്‍ പഠനം നടത്തുന്നവരും തെല്ലൊന്ന് അമ്പരന്നെങ്കില്‍ അദ്ഭുതപ്പെടാനില്ല. കാരണം, സര്‍വേയില്‍ കണ്ടെത്തിയതായി പറയുന്ന കണക്ക് കൃത്യതയുള്ളതോ വിശ്വസനീയമോ അല്ല. 9500 എന്യൂമറേറ്റര്‍മാരുടെയും 2500 സൂപ്പര്‍വൈസര്‍മാരുടെയും സഹായത്തോടെ മുഴുവന്‍ വീടുകളും കയറിയിറങ്ങിയാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതെന്നാണ് ഔദ്യാഗിക ഭാഷ്യമെങ്കിലും അത് എത്രത്തോളം വസ്തുതാപരമാണെന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. സര്‍വേ അവതരിപ്പിക്കുന്ന കണക്കുകള്‍ അനുഭവയാഥാര്‍ഥ്യവുമായി ഒത്തുപോകുന്നില്ല എന്നാണ് വിഷയം ആഴത്തില്‍ അപഗ്രഥിക്കുന്നവര്‍ക്ക് മനസ്സിലാവുക. സര്‍വേയില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ കയറിക്കൂടിയിട്ടുണ്ട്. പ്രവാസി വീടുകളെക്കുറിച്ച് ജില്ല തിരിച്ചുള്ള കണക്കുകള്‍ നല്‍കുന്നുണ്ടെങ്കിലും എന്യൂമറേറ്റര്‍മാര്‍ എത്ര കാര്യക്ഷമമായി തങ്ങളുടെ ദൗത്യം നിറവേറ്റി എന്നത് പരിശോധിക്കേണ്ടതുണ്ട്. 2011ലെ കണക്കനുസരിച്ച് 333.88 ലക്ഷമാണ് കേരളത്തിലെ ജനസംഖ്യ. 14,26,853 മലയാളികള്‍ പുറംരാജ്യങ്ങളില്‍ ജീവസന്ധാരണം തേടുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 12,84,221 പേര്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നും പറയുന്നു. ഈ കണക്കനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളമാണ് പ്രവാസികള്‍. 30 ലക്ഷത്തിലേറെ കേരളീയര്‍ എന്‍.ആര്‍.ഐകളായുണ്ട് എന്നാണ് ഇതുവരെ സര്‍ക്കാര്‍പോലും പറഞ്ഞുകൊണ്ടിരുന്നത്. പുതിയ പഠനം അത് പകുതി കണ്ട് കുറക്കുന്നു. ഈ വസ്തുവിവരങ്ങളാവുമത്രെ മേലില്‍ സര്‍ക്കാര്‍ ആധികാരിക രേഖയായി ആശ്രയിക്കുക. അതുകൊണ്ടുതന്നെ, ഒറ്റയടിക്ക് സര്‍വേ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നത് ബുദ്ധിപൂര്‍വമാകില്ല. പ്രതിവര്‍ഷം 75,000 കോടി രൂപ വിദേശനാണയമായി നമ്മുടെ നാട്ടിലേക്കയക്കുന്ന ഒരു ജനവിഭാഗത്തെക്കുറിച്ചുള്ള ശരിയല്ലാത്ത കണക്കുകള്‍ അവലംബിക്കുന്നത് നീതിപൂര്‍വമോ യുക്തിഭദ്രമോ ആവില്ലതാനും. വിഷയത്തെ ലാഘവത്തോടെ കാണാന്‍ ഭരണകൂടങ്ങള്‍ക്ക് അത് പഴുത് നല്‍കാനിടയുണ്ട്. നോര്‍കയുടെ സര്‍വേ അനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്നത് യു.എ.ഇയിലാണ്- 5,07,087 പേര്‍. അറുപതുകളുടെ രണ്ടാം പാദത്തില്‍ ഗള്‍ഫ്പ്രവാസം തുടങ്ങുന്നതുതന്നെ ‘ദുബൈ’യിലാണ്. അറുപതുകളുടെ രണ്ടാം പാദത്തില്‍, വിസയോ മറ്റു രേഖകളോ ഇല്ലാതെ ലോഞ്ചില്‍ കയറി രാവിന്‍െറ ഇരുളില്‍ ഗോര്‍ഫുക്കാന്‍ കടല്‍ത്തീരങ്ങളില്‍ കരക്കടിഞ്ഞ ആദ്യ സംഘങ്ങള്‍ക്ക് പിന്നാലെ ജീവിതപ്പച്ച തേടിപ്പോയ മൂന്നു തലമുറകള്‍ യു.എ.ഇയില്‍ പ്രവാസത്തിന്‍െറ നോവുംവേവും അറിഞ്ഞുകഴിഞ്ഞു. ദുബൈ, അബൂദബി, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ തുടങ്ങിയ പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രവാസിസമൂഹം മലയാളികളുടേതാണ്. കേരളത്തിന്‍െറ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ മാറ്റിപ്പണിതത് അത്തറിന്‍െറ പൂമണം നമ്മുടെ നാട്ടില്‍ ആദ്യമായി പരത്തിയ ഇക്കൂട്ടരാണ്. അവരെല്ലാംകൂടി അഞ്ചു ലക്ഷമേ വരൂ എന്ന കണ്ടുപിടിത്തം അംഗീകരിക്കാന്‍ സാമാന്യബുദ്ധി അനുവദിക്കണമെന്നില്ല. കാരണം, അത്രക്കും വിപുലമാണ് എല്ലാ തരക്കാരും മതക്കാരും ഉള്‍ക്കൊള്ളുന്ന ‘ദുബൈ ഗള്‍ഫുകാര്‍’. ഇവരുടെ യഥാര്‍ഥ കണക്ക് ശേഖരിക്കാന്‍ ഇതുവരെ അന്നാടുകളില്‍വെച്ച് ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നത് രാജ്യത്തിന് പുറത്ത് കഴിയുന്ന പൗരന്മാരോടുള്ള നമ്മുടെ പൊതുവായ സമീപനത്തിന്‍െറ ഫലമായാണ്. അതേസമയം, മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ, പൗരന്മാര്‍ രാജ്യം വിടുന്ന സമയത്ത് എമിഗ്രേഷന്‍ രേഖകള്‍ വഴിയോ അല്ലെങ്കില്‍ അന്യനാട്ടിലെ തങ്ങളുടെ നയതന്ത്രാലയങ്ങള്‍ വഴിയോ കണക്കെടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായേനെ. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇപ്പോള്‍ വല്ല സേവനത്തിനും സമീപിക്കുന്നവരോട് ഇതിനായുള്ള പ്രത്യേക ഫോറം പൂരിപ്പിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്. വൈകി ഉദിച്ച ബുദ്ധിയാണെങ്കിലും, അങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കാനോ അടിസ്ഥാന വിവരങ്ങളായി സൂക്ഷിക്കാനോ സാമൂഹികക്ഷേമ കോണ്‍സലിന് കീഴില്‍ ജീവനക്കാരോ സംവിധാനമോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്നത് സൗദി അറേബ്യയിലാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു- 4,21,313 പേര്‍. തീര്‍ത്തും അവിശ്വസനീയമാണ് ഈ കണക്ക്. സൗദിയില്‍ ഒരു കോടിയോളം വരുന്ന പ്രവാസികളില്‍ ഏറ്റവും വലിയ തൊഴില്‍സേന ഇന്ത്യയില്‍നിന്നുള്ളതാണ്. സൗദി സര്‍ക്കാറും ദല്‍ഹി ഭരണകൂടവും 20 ലക്ഷം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലി തേടിയെത്തിയിട്ടുണ്ട് എന്നാണ് പറയാറ്. നിതാഖാത്തിനുശേഷവും സൗദിയിലേക്ക് ഇന്ത്യക്കാരുടെ പ്രവാഹം തുടരുകയാണെന്നും 25 ലക്ഷം കവിഞ്ഞിരിക്കയാണെന്നും കഴിഞ്ഞദിവസമാണ് റിയാദിലെ നമ്മുടെ നയതന്ത്രാലയ വക്താവ് ദമ്മാമില്‍ വെളിപ്പെടുത്തിയത്. ജിദ്ദ, മക്ക, മദീന, താഇഫ്, ഖമീസ് മുശൈത്ത് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മാത്രം 10 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യാഗിക ഭാഷ്യം. ഇതില്‍ പകുതിയിലേറെ മലയാളികളാണെന്നത് അവിതര്‍ക്കിതമാണ്. ജിദ്ദ എന്ന പുരാതന നഗരിയില്‍ ബക്കാല-ബൂഫിയ തൊട്ട് വിവിധ നിലവാരത്തിലുള്ള ബിസിനസ് സംരംഭങ്ങളിലെല്ലാം മലപ്പുറത്തിന്‍െറ മുദ്ര പതിഞ്ഞിട്ടുണ്ട്. ശറഫിയ മറ്റൊരു മഞ്ചേരിയോ കൊണ്ടോട്ടിയോ ആണ്. സൗദിയിലേക്കുള്ള കുടിയേറ്റമാണ് മലപ്പുറത്തെ പ്രവാസികളുടെ അംഗസംഖ്യയില്‍ ഒന്നാമതെത്തിക്കുന്നത്. ദുബൈയിലേക്ക് അറുപതുകളുടെ അന്ത്യത്തോടെ വന്‍ ഒഴുക്ക് ഉണ്ടായെങ്കില്‍ സൗദിയിലേക്ക് എഴുപതുകളുടെ രണ്ടാം പാദത്തിലാണ് കേരളീയര്‍ പച്ചപ്പ് തേടിയെത്തുന്നത്. എണ്ണ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നത് എഴുപതുകള്‍ക്കുശേഷമാണ്. പെട്രോഡോളര്‍ കുന്നുകൂടാന്‍ തുടങ്ങിയതോടെ അതുവരെ വികസനം കടന്നുവരാതിരുന്ന സൗദി ഗോത്രസംസ്കൃതിയിലേക്ക് മാറ്റത്തിന്‍െറ അരുണോദയം ഉണ്ടായി. ഇരുഹറമുകളില്‍പോലും വിപുലമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു. റോഡ്, പാലം, റെയില്‍ തുടങ്ങിയ അടിസ്ഥാന വികസനവും നഗരനിര്‍മാണവും കൂടുതല്‍ മറുനാടന്‍ തൊഴില്‍സേനയുടെമേലുള്ള ആശ്രിതത്വം വളര്‍ത്തി. തന്നെയുമല്ല, അതുവരെ മരുക്കാട്ടില്‍ വിയര്‍പ്പൊഴുക്കി ജീവസന്ധാരണം തേടിയ അധ്വാനശീലരായ തദ്ദേശീയരായ സൗദികള്‍ റിയാലിന്‍െറ അപ്രതിഹത പ്രവാഹത്തില്‍ സുഖിയന്മാരും അലസന്മാരുമായി മാറാന്‍ തുടങ്ങി. വിദേശ തൊഴിലാളികളില്ലെങ്കില്‍ ദൈനംദിന ജീവിതംതന്നെ താളംതെറ്റുന്ന അവസ്ഥയിലേക്ക് അവരുടെ സംസ്കാരം ആപതിച്ചു. ഫഹദ് രാജാവിന്‍െറ കാലത്ത് വികസനപ്രക്രിയകള്‍ ത്വരിതപ്പെടുത്താന്‍ കൂടുതല്‍ മാനവശേഷി ആവശ്യമായിവന്നപ്പോള്‍ ഉദാരമായ കുടിയേറ്റനയം ആവിഷ്കരിച്ചു. അതനുസരിച്ച്, ഹജ്ജ്-ഉംറ തീര്‍ഥാടകരായി വന്നശേഷം തൊഴിലിലേര്‍പ്പെട്ട ‘അനധികൃത കുടിയേറ്റക്കാരായ’ പ്രവാസികള്‍ക്ക് നിയമാനുസൃത താമസാനുമതി ( ഇഖാമ ) നല്‍കാന്‍പോലും അദ്ദേഹം വിശാലമനസ്കത കാണിച്ചു. അതോടെ, മലപ്പുറത്തുകാര്‍ കൂട്ടം കൂട്ടമായി സൗദിയിലേക്കൊഴുകി. മുത്തുനബിയുടെ നാടിനോടുള്ള മാനസികമായ അടുപ്പം അഭ്യസ്തവിദ്യരല്ലാത്ത സാധാരണക്കാരെയാണ് പുണ്യഭൂമിയിലേക്ക് കൂടുതലായി ആകര്‍ഷിച്ചത്. ഇന്ന് സൗദിയുടെ ഏതു ഭാഗത്ത് ചെന്നാലും പത്ത് ഇന്ത്യക്കാര്‍ കൂടുന്നിടത്ത് അഞ്ചു മലയാളികളെ കാണാന്‍ കഴിയും. ആ നിലക്ക് കണക്കുകൂട്ടുമ്പോള്‍ അവിടെ എട്ടു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ മലയാളികളുണ്ടാവുമെന്നാണ് അനുമാനിക്കേണ്ടത്. 41 ലക്ഷത്തിലേറെ ജനസംഖ്യയുള്ള മലപ്പുറത്ത് നോര്‍കയുടെ സര്‍വേ പ്രകാരം 2,92,753 പ്രവാസികള്‍ മാത്രമാണുള്ളത്. യാഥാര്‍ഥ്യത്തിന്‍െറ അടുത്തുപോലും എത്തില്ല ഈ കണക്ക്. അഞ്ചു ലക്ഷത്തിലേറെ മലപ്പുറത്തുകാര്‍ ഗള്‍ഫുനാടുകളില്‍ ജീവിതമാര്‍ഗം തേടുന്നുണ്ട് എന്ന് ആര്‍ക്കും കണ്ണടച്ച് പറയാനാവും. എന്‍.ആര്‍.കെ വീടുകള്‍ അടയാളപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയാവാം പ്രവാസിജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിന് തടസ്സമായത്. കേരളത്തിലെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങിയാണ് എന്യൂമറേറ്റര്‍മാര്‍ കണക്കെടുപ്പ് നടത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഗള്‍ഫുകാര്‍ കൂടുതലായുള്ള കണ്ണൂര്‍ ജില്ലയിലെ എത്രയോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള സര്‍വേകള്‍ നടന്നിട്ടില്ല എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫ്നാടുകളിലേക്ക് ചേക്കേറിയവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍നിന്നാണ്. ഗള്‍ഫ്സ്വാധീനം ഏറ്റവും പ്രകടമാവുന്നതും ഗ്രാമങ്ങളിലാണ്. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമങ്ങളിലും എന്യൂമറേറ്റര്‍മാര്‍ എത്തി സര്‍വേ പൂര്‍ത്തിയാക്കുക എന്നത് ക്ഷിപ്രസാധ്യമല്ല എന്ന് ആരും സമ്മതിക്കും. എന്നാല്‍, ഗ്രാമങ്ങളാണ് ഗള്‍ഫിലേക്കുള്ള ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രങ്ങളെന്നതിനാല്‍ ഒരു ശതമാനം ഗ്രാമങ്ങള്‍ വിട്ടുപോയാല്‍ കണക്കില്‍വരുന്ന വ്യതിയാനം വലുതായിരിക്കും. ഇടുക്കി ജില്ലയിലെ എടമലക്കുടി പഞ്ചായത്തില്‍ ഒരൊറ്റ ഗള്‍ഫുകാരനുമില്ല എന്ന വിവരം ആസൂത്രണ-പ്രവാസി മന്ത്രി കെ.സി. ജോസഫ് വലിയ പ്രാധാന്യത്തോടെ വെളിപ്പെടുത്തിയത് സര്‍വേയുടെ വിശ്വാസ്യത ഉറപ്പാക്കാനായിരിക്കാം. നല്ലത്. ഈ കണക്കെടുപ്പ് കേവലം അക്കാദമിക താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതല്ല. മേലില്‍ സര്‍ക്കാര്‍ പ്രവാസി നയം രൂപവത്കരിക്കുന്നതും ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുന്നതും ഈ ആധികാരിക രേഖ ആസ്പദമാക്കിയായിരിക്കും എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. വസ്തുനിഷ്ഠമല്ലാത്ത വിവരങ്ങള്‍വെച്ച് നടത്തുന്ന ഏത് പരിപാടിയും ലക്ഷ്യപ്രാപ്തിയിലെത്തില്ല എന്നതുകൊണ്ട് പ്രവാസികളുടെ കാര്യത്തില്‍ താല്‍പര്യമുള്ളവര്‍ തെറ്റ് തിരുത്താന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. (കാസിം ഇരിക്കൂര്‍)

Monday, November 4, 2013

രക്ത സമ്മര്‍ദ്ദം


ആധുനിക ലോകത്തില്‍ മനുഷ്യര്‍ വേഗതയില്‍ വിശ്വസിക്കുന്നവരാണ്. അതിവേഗതകളുടെ കാലത്ത് മനുഷ്യശരീരത്തിന്റെ വിപ്ളവകരമായ സ്ഥിതിവിശേഷങ്ങള്‍ തൊട്ടറിയുന്ന ഭിഷഗ്വരന്മാര്‍ ഒന്നടങ്കം ഉപദേശിക്കുകയാണ് നിശബ്ദ കൊലയാളിയായ അമിത രക്തസമ്മര്‍ദ്ദത്തെ സൂക്ഷിക്കണമെന്ന്. പുത്തന്‍ ജീവിതശൈലിയുടെ ഫലമെന്നോണം ആബാലവൃദ്ധം ജനങ്ങള്‍ക്കും ഈ നിശബ്ദകൊലയാളിയുടെ ഭീഷണി നേരിടേണ്ടിവരുന്നു. ഉയര്‍ന്നതും അമിതവുമായ രക്തസമ്മര്‍ദ്ദം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ - ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മനസ്സാന്നിദ്ധ്യത്തിലും മാറ്റംവരുത്തിയാല്‍ ഈ ഭീകര ആരോഗ്യപ്രശ്നത്തെ ഭയപ്പെടേണ്ടതില്ല. രക്തസമ്മര്‍ദ്ദം ഒരിക്കലെങ്കിലും ദിവസത്തില്‍, വര്‍ദ്ധിക്കാത്തവര്‍ കാണില്ല എന്നോര്‍ക്കുക. ഹൃദയത്തില്‍നിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന കുഴലുകളെ ആര്‍ട്ടറീസ് എന്ന് പറയുന്നു. ആര്‍ട്ടറിയുടെ ഭിത്തികള്‍ക്ക് രക്തമൊഴുകുമ്പോള്‍ അനുഭവപ്പെടുന്ന മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം (Blood Pressure)എന്നു പറയുന്നത്. ഓരോ തവണയും ഹൃദയമിടിക്കുമ്പോള്‍, വിശ്രമിക്കുമ്പോള്‍ മിനിറ്റില്‍ 60-70 തവണ, ആര്‍ട്ടറികളിലേക്ക് രക്തം പമ്പു ചെയ്യുന്നു. ഹൃദയം മിടിക്കുമ്പോള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഏറ്റവും കൂടിയതായിരിക്കും. ഇതിനെ സങ്കോച സമര്‍ദ്ദമെന്ന് (systolic pressure) അറിപ്പെടുന്നു. ഹൃദയം വിശ്രമത്തിലാകുമ്പോള്‍, ഹൃദയമിടിപ്പുകള്‍ക്കിടയിലുള്ള സമയം രക്തസമ്മര്‍ദ്ദം കുറയുന്നു. ഇതിനെ വികാസ സമ്മര്‍ദ്ദമെന്ന് (diastolic pressure)പറയുന്നു. രക്തസമ്മര്‍ദ്ദത്തിന് ഈ രണ്ട് നമ്പറുകളാണ് നല്‍കിയിരിക്കുന്നത്, സങ്കോചിത സമ്മര്‍ദ്ദവും വികാസ സമ്മര്‍ദ്ദവും രണ്ടും അതീവ പ്രധാനമാകുന്നു. ഒന്നിനടിയില്‍ മറ്റൊന്നായിട്ടാണ് ഇതെഴുതുന്നതും. 120/80 എം. എം. എച്ച്. ജി മുകളിലത്തേത് സങ്കോചിത സമ്മര്‍ദ്ദവും അതായത് ശ്വാസം അകത്തോട്ട് വലിയ്ക്കുമ്പോള്‍ രേഖപ്പെടുത്തുന്നത്. താഴെ വികാസ സമ്മര്‍ദ്ദവുമാണ്. അതായത് അകത്തേക്ക് വലിച്ചെടുത്ത ശ്വാസം പുറത്തുവിടുമ്പോള്‍ ഉണ്ടാകുന്നത്. രക്തസമ്മര്‍ദ്ദം ഒരു ദിവസത്തില്‍ പലതവണ വ്യത്യാസപ്പെട്ടിരിക്കും. ഉറങ്ങുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുന്നു. ആകാംഷ, ഭയം എന്നിവ രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു; കൂടാതെ പ്രവര്‍ത്തന നിരതമാകുമ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതായി അനുഭവപ്പെടുന്നു. രാവിലെ ഉണര്‍കാലം രക്തസമ്മര്‍ദ്ദം, വെറുതെ ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ഉള്ളതുപോലെ തന്നെയാണ്. ഇത് 180/80 നേക്കാള്‍ കുറഞ്ഞിരിക്കണം. രക്തസമ്മര്‍ദ്ദ നില കൂടുമ്പോള്‍ 140/90 ഉം, ഇതില്‍ കൂടുതലുമാകുമ്പോള്‍ നിങ്ങള്‍ക്ക് കൂടിയ രക്തസമ്മര്‍ദ്ദനിലയാണെന്ന് മനസ്സിലാക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ ഹൃദയത്തിന് കഠിനദ്ധ്വാനം ചെയ്യേണ്ടിവരുമ്പോള്‍ ആര്‍ട്ടറികള്‍ക്ക് (ഹൃദയ രക്ത ധമനികള്‍) പ്രഹരമേല്‍ക്കുന്നു. സമ്മര്‍ദ്ദത്തെ താങ്ങാനാകാതെ വരുന്നു. ഇതോടെ പക്ഷാഘാതം, ഹൃദയാഘാതം, വൃക്കകള്‍ക്ക് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ്. രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ കാരണം ഒന്നല്ല, മറിച്ച് പലതാണ്. ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമായി കണ്ടെത്തിയിരിക്കുന്നത് എന്തെങ്കിലും മറ്റ് ചികിത്സാ പ്രശ്നമോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളോ ആണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. സ്റ്റേജ് -1, സ്റ്റേജ് 2 എന്നിങ്ങനെയാണത്. വിഭാഗം സിസ്റ്റോളിക് (മുകളിലെ) ഡയസ്റ്റൊളിക് (താഴത്തെ) നോര്‍മല്‍ 120 ല്‍ താഴെ 80 ല്‍ താഴെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് മുമ്പ് 120 - 139 80- 89 ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സിസ്റ്റോളിക് ഡയസ്റ്റൊളിക് സ്റേജ് - 1 140-159 90-99 സ്റേജ് - 2 160 കൂടുതല്‍ 100 ല്‍ കൂടുതല്‍ ഇത് 18 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് ബാധകമായതാണ്, ഗുരുതരമായ രോഗമോ, പ്രമേഹമോ, വൃക്ക രോഗങ്ങളോ ഇല്ലാത്തവരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. സങ്കോച സമ്മര്‍ദ്ദവും വികാസ സമ്മര്‍ദ്ദവും ചിലപ്പോള്‍ വ്യത്യസ്ത വിഭാഗങ്ങളിലേക്ക് താല്‍ക്കാലികമായി മാറിക്കൊണ്ടിരിക്കും. ഉയര്‍ന്ന സമ്മര്‍ദ്ദ തോതിനെ സമ്മര്‍ദ്ദ വിഭാഗമായി തരംതിരിക്കുന്നു. ഉദാഹരണത്തിന് 160/80. സ്റേജ് 2 വിഭാഗത്തിലായിരിക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നിര്‍വ്വചനത്തിന് ഇതൊരു അപവാദമാണ്. കാരണം, 130/80, ഇതില്‍ കൂടുതലോ രക്തസമ്മര്‍ദ്ദമായാല്‍, വൃക്കരോഗവും പ്രമേഹവും ഉള്ളവരില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദ നിരക്കായി കണക്കാക്കും. see more : http://www.healthwatchmalayalam.com/bloodpressure

Thursday, October 31, 2013

ഇന്ന് കേരളപ്പിറവി ദിനം

ഇന്ന് നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നത്തേക്ക് 57 വര്‍ഷമാവുന്നു. മലയാളഭാഷ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. 57 വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2013ല്‍ എത്തിനില്‍ക്കുമ്പോള്‍ കുറ്റകൃത്യത്തിനും ആത്മഹത്യക്കും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന്റെത്. കലാപരമായും സാഹിത്യപരമായും സംസ്ഥാനം ഇക്കാലയളവില്‍ ഒരുപാട് പുരോഗമിച്ചു. സാങ്കേതികരംഗത്തും വിനോദസഞ്ചാരരംഗത്തും ഒരുപാട് പ്രതീക്ഷയുമായാണ് കേരളം മുന്നോട്ട് പോവുന്നത്. എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍.

പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ ഭൂമിയില്‍ നമ്മോടൊത്തു അവരും വളരുകയാണ്. നാം ചേര്‍ക്കുന്ന സ്‌കൂളുകളില്‍... നാം ഇഷ്ടപ്പെടുന്ന സിലബസില്‍.. നാം നിര്‍ദേശിക്കുന്ന സമയത്ത്... അവര്‍ പഠിക്കുകയാണ്. ഇടുങ്ങിയ താമസ സൗകര്യത്തില്‍ ഒരു പഠനമുറി (അല്ല പഠനസ്ഥലം) അവര്‍ക്ക് അനുവദിക്കുകയാണ്. ആവശ്യപ്പെട്ട കമ്പ്യൂട്ടറും ഒരു കൊച്ചുകട്ടിലും... അനുബന്ധ സാധനങ്ങളുമായി നാം നമ്മുടെ കുട്ടികളെ മൂലയിലിരുത്തി. പഠനവും ട്യൂഷനും... വീഡിയോ ഗെയിമും... മാത്രമാണോ നമ്മുടെ കുട്ടികള്‍ക്കാവശ്യം. അല്ല, എന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. പക്ഷേ എന്ത് ചെയ്യാം. വായു കടക്കാത്ത മുറിയില്‍ നിന്ന് എ.സി.യുടെ ശീതികരിച്ച സ്‌കൂള്‍ ബസ്സിലേക്ക് അവിടുന്ന് ഈര്‍പ്പമുള്ള ക്ലാസ് മുറിയിലേക്ക്... പ്ലേ ഗ്രൗണ്ടില്‍ കളിക്കാനനുവദിക്കാത്ത സ്‌കൂളുകളുണ്ട്. മിക്ക സ്വകാര്യ സ്്കൂളുകളിലും പ്ലേഗ്രൗണ്ടില്ല. പിന്നീട് ഉള്ളത് ഇന്‍ഡോര്‍ ഗെയിമാണ്. വായു കടക്കാത്ത കൊച്ചു മുറിയിലുള്ള ഗെയിമില്‍ കുട്ടികളുടെ വളര്‍ച്ചായ്ക്കാവശ്യമായതെന്താണ് കിട്ടുന്നത്. പ്രഭാതഭക്ഷണവും... ഉച്ചഭക്ഷണവും ടിന്‍ഫുഡ് കൊണ്ട് തയ്യാറാക്കി ടിന്‍ പാത്രത്തിലടച്ച് നാം നമ്മുടെ കുട്ടികളെ സ്‌കൂളിലയക്കുന്നു.പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ ഒരു തലമുറ 'സുഖ'മായി ഇവിടെ ജീവിക്കുന്നു. നൂറ് കുട്ടികള്‍ കൂടി നില്‍ക്കുന്നതില്‍നിന്ന് ഗള്‍ഫില്‍ ജീവിക്കുന്ന കുട്ടികളെ വളരെ പെട്ടെന്ന് തിരിച്ചറിയാനാവും. പൊണ്ണത്തടിയും പവര്‍കണ്ണടയും... നിസ്സഹായത നിറഞ്ഞ മുഖവുമായി അവരുണ്ടാവും. ആരോടും പരിചയപ്പെടാനാവാതെ... ആരോടും കലപില കൂട്ടാനറിയാതെ... ഒറ്റപ്പെട്ടുപോയ ഭാവിതലമുറ.. നാം ഒറ്റപ്പെടുത്തി വളര്‍ത്തുന്ന പുതുതലമുറ. ഇതുവായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം.. 'ഇവിടെ പഠിച്ച കുട്ടികള്‍ ഡോക്ടറും, എഞ്ചിനീയറും, കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഒക്കെ ആയിട്ടില്ലെ എന്ന്...' 'നല്ല ഭാവി പടുത്തുയര്‍ത്തിയവരില്ലേ എന്ന്...' ഉണ്ടാവാം, ഇനിയും ഉണ്ടാവും.. ഉണ്ടാവണം... അതിലപ്പുറം ഒരു പ്രൊഫഷനില്‍ മാത്രം ശോഭിച്ചത് കൊണ്ടായില്ല. ഒരു ഡോക്ടറായ കുട്ടിക്ക് മറ്റൊരു മേഖലയിലേയും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ ഡോക്ടര്‍ മാത്രമാവുമ്പോഴാണ്.... പഠിച്ചത് ഡോക്ടറാവാന്‍ മാത്രം.. പഴുപ്പിച്ചെടുത്തത് ഡോക്ടറായി മാത്രം... അതാണ് പ്രശ്്‌നം. മറ്റൊരു പ്രശ്്‌നത്തില്‍ ഇടപെടല്‍ നടത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കാവുന്നില്ല...സ്‌കൂള്‍ ബസ്സ് ഇറങ്ങുന്നതിന് തൊട്ടടുത്ത ജംഗ്ഷനില്‍ കുട്ടികളെ ഇറക്കിയാല്‍ ഫ്ലറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ... കുഴങ്ങിപോകുന്നവരെ നാം കാണുന്നു. മാതാവിന്റെ കൈപിടിച്ച്.... പിതാവിന്റെ കാറ് പിടിച്ച് സ്‌കൂളില്‍ പോകുന്ന എത്ര കുട്ടികള്‍ക്ക് സ്വന്തമായി സ്‌കൂളില്‍ പോകാന്‍ കഴിയും. നമ്മളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ്സ് സമരം സ്ഥിരം സംഭവമായിട്ടുപോലും നമ്മള്‍ പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുന്നു. സഹപാഠികളുടെ സൗഹൃദവും, പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിച്ചത് ഈ കൂട്ടുകെട്ടില്‍ നിന്നാണല്ലോ... ഒരു മഷിതണ്ടിന്... ഒരു മഞ്ചാടിക്കുരുവിന്.... ഒരു പൊട്ടിയ സ്ലേറ്റ് പെന്‍സിലിന് നമ്മള്‍ കൂടിയ കലപിലകളെത്ര.. സഹപാഠിയുടെ അമ്മയ്്ക്ക്,അച്്ഛന് അസുഖമാണെന്നറിഞ്ഞാല്‍ നാം അവിടങ്ങളില്‍ സന്ദര്‍ശനം നടത്താറില്ലേ... മത്സരങ്ങള്‍ പരീക്ഷകളില്‍ മാത്രമല്ലല്ലോ.. കലാ സാഹിത്യ കായിക മത്സരങ്ങളില്‍ നാം പൊരുതിയില്ലേ... വളപ്പൊട്ടുകള്‍ പോലെ നാം സൂക്ഷിക്കുന്ന സൗഹൃദവും... കൂട്ടുകാരും... നമ്മള്‍ക്ക് തന്ന അറിവ്... പങ്ക് വെച്ച ലോകവിവരം... ഏത് സ്‌കൂളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയും.. ഉത്തരവാദിത്വബോധവും സ്വയം പരിരക്ഷയും... പ്രതിരോധവും സൂക്ഷിപ്പും നമ്മള്‍ക്ക് കിട്ടിയത് കൂട്ടുകുടുംബത്തില്‍ നിന്നുള്ള മുത്തശ്ശിമാരില്‍ നിന്നല്ലേ... ഈ അറിവ് കലാലയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുമോ... എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ചില സാധനങ്ങള്‍ മോഷണം പോയി. ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന 13 വയസ്സായ മകനോട് അമ്മ ചോദിച്ചു. 'ഇവിടെ ഇരുന്ന സാധനങ്ങള്‍ എന്ത്യേ...' 'മോനെ ഇവിടെ ആരെങ്കിലും വന്നിരുന്നോ..' 'മമ്മീ... ഒരങ്കിള്‍ വന്നിരുന്നു..' കുട്ടി മറുപടി പറഞ്ഞു. കുട്ടിക്കറിയില്ല. കള്ളനായാലും... നല്ലവനായാലും... എല്ലാം അങ്കിളാണ്... ഈ 'അങ്കിള്‍'മാരാണ് ഇവിടെയുള്ള കുടുംബങ്ങളില്‍ പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്. നമ്മുടെ മക്കള്‍ സ്വയംപര്യാപ്തതയില്‍ എത്തിയേ തീരൂ. അവരുടെ വളര്‍ച്ചയില്‍ നാം ശ്രദ്ധിച്ചേ പറ്റൂ. നന്നായി വളരണം... ഈ ലോകം അവരറിയണം. ഇവിടെ ജീവിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വളരാന്‍ പഠിക്കണം. ഭക്ഷണത്തിന് കഞ്ഞിയും പയറുമാണെന്നറിയണം.. എരിവും പുളിയുമുണ്ടെന്നറിയണം... പാദരക്ഷകളില്ലാതെ നടക്കാന്‍ പഠിക്കണം. കൊതുകും പാറ്റയും ഉണ്ടെന്നറിയണം. പൂവിളിയും പൊന്നോണവും ഉണ്ടെന്നറിയണം. മഴയും... വേനലും.. കാണണം. മരണവും, സംസ്‌കാരവും പഠിക്കണം. കൂട്ടുകാരുടെ കൂടെ നടന്ന് തനത് സംസ്‌കാരം പഠിക്കണം. മുത്തശ്ശിമാരുടെ മൊഴിമുത്തുകളില്‍ നിന്ന് നാട്ടറിവ് പഠിക്കണം. ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കണം.. നാവില്‍ ഒരു രുചിയുമില്ലാത്ത ബര്‍ഗറും പിസ്സയും മാത്രമല്ല ഭക്ഷണം. ജീന്‍സും ടീഷര്‍ട്ടും ഷൂസുമല്ല വസ്ത്രങ്ങള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമല്ല കളികള്‍. ഇംഗ്ലീഷ് പറയലല്ല സംസ്്കാരം. ഹാരിപോട്ടറും മിക്കിമൗസും മാത്രമല്ല കാണേണ്ടത്. ഇങ്ങനെ മാത്രമാണ് എന്റെ മകന്‍... എന്റെ മകള്‍ വളരേണ്ടത് എന്ന് ശഠിക്കുന്ന എന്നെപോലുള്ള വീട്ടമ്മമാര്‍... അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത സൗകര്യങ്ങളില്‍ മതിമറന്ന് പോയത് കൊണ്ടാണ് നമ്മുടെ ചെറുപ്പകാലത്ത് നമ്മള്‍ക്ക് ലഭിക്കാത്തത് - ഇംഗ്ലീഷില്‍സംസാരിക്കാന്‍ കഴിയാത്തത്- മക്കളിലൂടെ കേള്‍ക്കുമ്പോള്‍.. തോന്നുന്ന അഭിമാനവും... അഹങ്കാരവും കൊണ്ടാണ്... നാടെന്ന് പറയുമ്പോള്‍ ഡേര്‍ട്ടിയെന്നും... വീടെന്ന് പറയുമ്പോള്‍ 'ലോട്ടോഫ് പീപ്പിള്‍' എന്ന് പറയുന്നതും നമ്മളാണ്. ഈ സംസ്‌കാരം കേട്ടാണ് അവര്‍ വളരുന്നത്. നാം അവരെ ശിക്ഷിക്കുകയാണ്. തടിച്ച് തുടുത്ത് ദുര്‍മേദസ്സുള്ള കണ്ണടവെച്ച ഒരമൂല്‍ ബേബിയെവളര്‍ത്തിയെടുക്കുകയാണ്. സ്‌കൂളില്‍ ഒന്നാമതെത്താന്‍, പരീക്ഷയില്‍ ഒന്നാമതെത്താന്‍ നാം അവരെ ഓടിക്കുകയാണ്. മണ്ണിന്റെ മണമറിയിക്കാതെ... പുല്ലിന്റെ, പൂവിന്റെ ഗന്ധമറിയിക്കാതെ... മണ്ണില്‍ വീണ് മുട്ട് പൊട്ടാതെ.. ചൊറിയും... ചിരങ്ങും വരാതെ... നാം അവരുടെ തൊലി മുട്ട പാടപോലെ കാത്ത് സൂക്ഷിക്കുകയാണ്. വളരുമ്പോള്‍ പ്രതിരോധിക്കാന്‍ പ്രതിരോധ ശക്തിയില്ലാതെ അവര്‍ വളരുകയാണ്,വളര്‍ത്തുകയാണ് 'ഷോക്കേയ്‌സ് പീസായി'. ഇതും പ്രവാസിയുടെ തലയിലെഴുത്ത്. നമ്മുടെ കുട്ടികള്‍ നാട്ടില്‍ പോകണമെന്നും പൂവും പുല്‍ക്കൊടിയും ഉത്സവവും പൂരവും കാണണമെന്നും എല്ലാവരും പറയും. അതിനുള്ള സാഹചര്യമില്ലാത്തവര്‍ ടൂറിസ്റ്റ് കാര്‍ പിടിച്ച് കുട്ടനാട്ടില്‍ പോയി മക്കള്‍ക്ക് നെല്‍വയലും കായലും കാണിക്കണമെന്നല്ല ഇതിനര്‍ത്ഥം. ലീവ് കിട്ടുമ്പോഴൊക്കെ കുട്ടികളെ നാട്ടിലയക്കുക.. മാതാപിതാക്കള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കിലും... അവരെ അയക്കാന്‍ ശ്രമിക്കുക... ഒരു വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണ പോകാന്‍ പറ്റിയെങ്കില്‍ അവരുടെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമാണ്.

Wednesday, October 30, 2013

നിതാഖാത്: ജിദ്ദ തര്‍ഹീലില്‍ നവംബര്‍ മൂന്നു വരെ അവസരം

നിതാഖാത്തിന്റെ ഭാഗമായി നിയമാനുസൃത രേഖയില്ലാത്തതിനാല്‍ നാടുവിടുന്ന ഇന്ത്യക്കാരുടെ വിരലടയാളമെടുപ്പിന് ജിദ്ദ തര്‍ഹീലില്‍ അനുവദിച്ച ഊഴത്തിലെ അവസാന ദിനമായ ചൊവ്വാഴ്ച എത്തിയത് അഞ്ഞൂറോളം പേര്‍. തര്‍ഹീലില്‍ പേരു നല്‍കിയ നൂറുകണക്കിനാളുകള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. വിരലടയാളമെടുപ്പ് എല്ലാ രാജ്യക്കാര്‍ക്കും നവംബര്‍ മൂന്നു വരെ തുടരാന്‍ ജിദ്ദ തര്‍ഹീല്‍ അനുമതി നല്‍കിയതായി കോണ്‍സുലേറ്റ് അറിയിച്ചു. വ്യാഴാഴ്ച വരെ ഇ.സി അനുവദിക്കുമെന്ന് കോണ്‍സുലേറ്റ് നേരത്തേ അറിയിച്ചിരുന്നു. അതിനാല്‍, പാസ്പോര്‍ട്ടോ ഇ.സിയോ ഇഖാമ അല്ളെങ്കില്‍ അതിന്‍െറ കോപ്പി, വിസ വിശദാംശങ്ങള്‍, ബോര്‍ഡര്‍ എന്‍ട്രി നമ്പര്‍, ജവാസാത്ത് പ്രിന്‍റ് ഒൗട്ട് എന്നീ രേഖകള്‍ കൈവശമുള്ളവര്‍ അതുമായി തര്‍ഹീലിലത്തെി ഫൈനല്‍ എക്സിറ്റിനു ശ്രമിക്കണമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ മൂന്നിനു മുമ്പ് വിരലടയാളമെടുത്തവര്‍ക്ക് അതിനു ശേഷവും ഇളവുകാലാനുകൂല്യത്തില്‍ നാടുവിടാനാകുമെന്നും അറിയിപ്പില്‍ പറഞ്ഞു. ജിദ്ദ തര്‍ഹീലില്‍ ഒരു മാസമായി ടോക്കണ്‍ സമ്പ്രദായം അവസാനിപ്പിച്ച് സ്ഥലത്തത്തെുന്നവര്‍ക്ക് ക്രമനമ്പര്‍ നിശ്ചയിച്ച് വിരലടയാളമെടുക്കുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. ഇങ്ങനെ കഴിഞ്ഞയാഴ്ച തര്‍ഹീലില്‍ പേരു രേഖപ്പെടുത്തിയവരില്‍ അവശേഷിച്ച 330 പേരുടെ വിരലടയാളം ചൊവ്വാഴ്ച പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായത്തെിയ ഏതാനും പേരുടെ കൂടി വിരലടയാളവുമെടുത്തു. തര്‍ഹീല്‍ ദിനം അവസാനിക്കുന്നതിനാല്‍ ജിദ്ദയിലും സമീപപ്രദേശങ്ങളിലും നിന്നത്തെിയ നൂറുകണക്കിനാളുകളുടെ പട്ടിക തയാറാക്കുന്ന ജോലിയും ഇന്നലെ നടന്നു. ജിദ്ദ തര്‍ഹീലിനു പുറത്തെ പൊരിവെയിലത്ത് ക്യൂനിന്നാണ് നൂറുകണക്കിനാളുകള്‍ പേര് രേഖപ്പെടുത്തി മടങ്ങിയത്. കമേഴ്സ്യല്‍ കോണ്‍സല്‍ എം.കെ ഗില്‍ദിയാലിന്‍െറ നേതൃത്വത്തില്‍ ജാവേദ്, ബദ്റുദ്ദീന്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. പദവി ശരിപ്പെടുത്താന്‍ ആറുമാസത്തെ നീണ്ട കാലയളവ് അനുവദിച്ചിട്ടും ഇതുവരെ ശ്രമം നടത്താതെ അവസാനഘട്ടത്തില്‍ തര്‍ഹീലില്‍ ഓടിയത്തെിയവരായിരുന്നു ഇന്നലെ വന്നവരില്‍ പലരും. ഇതില്‍ ചിലര്‍ക്കെങ്കിലും ഇഖാമ ജിദ്ദ ജവാസാത്തിനു കീഴില്‍ അല്ലാത്തതിനാല്‍ മടങ്ങേണ്ടി വന്നു. സ്പോണ്‍സര്‍മാര്‍ രേഖ ശരിപ്പെടുത്താമെന്നു വാക്കുനല്‍കി അവസാനം വരെ കാത്തുനിന്ന ശേഷം കൈവിട്ട ചില മലയാളികളും രക്ഷതേടി ഇന്നലെ കോണ്‍സുലേറ്റിനെ സമീപിച്ചു. തനാസുല്‍ മാറുകയോ പദവി ശരിപ്പെടുത്തുകയോ ചെയ്യാമെന്നു വാക്കുനല്‍കി സ്പോണ്‍സര്‍ നേരത്തേ 8000 റിയാല്‍ വാങ്ങുകയും അവസാനനിമിഷം പിന്നെയും തുക ആവശ്യപ്പെടുകയും ചെയ്തതോടെ നിരാശനായത്തെിയ കോഴിക്കോടു സ്വദേശിയും പദവി ശരിയാക്കാമെന്നു പറഞ്ഞു പിടിച്ചുവെച്ച ശേഷം സ്പോണ്‍സര്‍ ഹുറൂബിലാക്കിയ മലപ്പുറത്തുകാരനും ഇന്നലെ തര്‍ഹീലില്‍ നാട്ടിലേക്കുള്ള വഴിതേടി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിച്ചവരില്‍ പെടും. കഴിഞ്ഞ ആറുമാസത്തെ ഇളവുകാലം ഏറക്കുറെ ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തിയതായാണ് കരുതുന്നതെന്നും പുതുതായി ഇന്ന് ബുധനാഴ്ച വരെ ഇ.സി അപേക്ഷ സ്വീകരിക്കാന്‍ കോണ്‍സുലേറ്റ് സമയമനുവദിച്ചെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമേ സമീപിച്ചിട്ടുള്ളൂ എന്നും കോണ്‍സുലേറ്റിനു വേണ്ടി തര്‍ഹീല്‍ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കോണ്‍സല്‍ ഡോ. ഇര്‍ശാദ് അഹ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദ കോണ്‍സുലേറ്റില്‍ ആറുമാസത്തിനിടെ 26,000 പേരാണ് ഒൗട്ട്പാസിന് അപേക്ഷിച്ചത്. ഇതില്‍ 19,000 പേര്‍ ഇ.സി കൈപ്പറ്റി. ഇക്കൂട്ടത്തില്‍ ഒക്ടോബര്‍ 22 ചൊവ്വ വരെ 10044 പേര്‍ വിരലടയാളമെടുത്തതായും അതില്‍ 9,800 പേര്‍ക്ക് ഫൈനല്‍ എക്സിറ്റ് സ്റ്റാമ്പ് ചെയ്തു കിട്ടിയതായും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന 244 ആളുകളുടെ പേരില്‍ കേസുകളോ മറ്റു പരാതികളോ നിലവിലിരിക്കുന്നതുകൊണ്ട് സൗദി അധികൃതര്‍ എക്സിറ്റ് തടഞ്ഞുവെച്ചിരിക്കുകയാണ്. (Madhymam)

Tuesday, October 29, 2013

ഹലോ, സൂക്ഷിക്കുക

ആളറിയാത്തൊരു കോള്‍ വന്നോ ഫോണില്‍? ഒരു മിസ്കോള്‍? എന്നാല്‍ ശ്രദ്ധിക്കൂ, അതു നാശത്തിന്‍റെ റിങ്ടോണായിരുന്നു. തിരിച്ചു വിളിക്കാത്ത നിന്‍റെ വിവേകത്തിന് സോദരീ, അഭിനന്ദനം. ഫോണ്‍ അലങ്കാരമല്ലിന്ന്. അവശ്യവസ്തുക്കളുടെ പട്ടികയിലാണ് മൊബൈലിന് സ്ഥാനം. അതുകൊണ്ട് ഫോണ്‍ വിരുദ്ധരാവുക വയ്യ. പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ അപായം. വിവേകമില്ലാത്ത പ്രായത്തില്‍ ഫോണ്‍ ഇല്ലാതിരിക്കലാണ് നല്ലത്, ആണിനും പെണ്ണിനും. കാരണം ഫോണിനുമില്ല വിവേകം. വിവേകമില്ലാത്ത രണ്ടെണ്ണം ചേര്‍ന്നാല്‍ ഫലം ഭീമമായ അവിവേകം. ഖുര്‍ആന്‍ മുന്തിരിക്കള്ളിനെക്കുറിച്ചു പറഞ്ഞത് മൊബൈലിനും ചേരും; അതില്‍ ഉപകാരവും ഉപദ്രവവമുണ്ടെന്ന്. എന്നാല്‍ ഉപകാരത്തെക്കാള്‍ വലുതാണ് ഉപദ്രവം. വീടുവിട്ട് നാശത്തിലെത്തിയ പെണ്‍കുട്ടികളുടെ കുട്ടികള്‍ മാത്രമല്ല കുട്ടികളുള്ള യുവതികളുടെയും കഥകള്‍ ഒരു രണ്ടുമൂന്നു വര്‍ഷത്തിനിടെ കുറച്ചൊന്നുമല്ല നാം കണ്ടതും കേട്ടതും. എല്ലാറ്റിലും നാശത്തിന്‍റെ കണക്ഷന്‍ ഫോണായിരുന്നു. ഒരു മിസ്കാള്‍. ആദ്യം അവഗണിച്ചെന്നിരിക്കും. പിന്നെ കൗതുകത്തില്‍ ഒരു തിരിച്ചുവിളി. പിന്നെ അതൊരു ബന്ധമായി, ബന്ധനമായി. അവസാനം എല്ലാം നഷ്ടപ്പെട്ട ശേഷമാണ് പീഡന വാര്‍ത്തയായി വരുന്നത്. അപ്പോഴേക്കും കൈവിട്ടത് ഒരു പെണ്‍ജീവിതം, ഒരു കുടുംബജീവിതം! ഇഹലോകത്ത് ഈ നാശം. ഇനി പരലോകത്തോ? ശബ്ദം ഔറത്തല്ല എന്നാണ് ഫിഖ്ഹീ വിധി. എന്നാല്‍ ആസ്വാദനം ഹറാം എന്നും കര്‍മശാസ്ത്രജ്ഞര്‍ ബോധ്യപ്പെടുത്തുന്നു. പുരുഷന്‍ പെണ്‍ശബ്ദം കേട്ടാസ്വദിക്കരുത്; തിരിച്ചും. അപ്പോള്‍ ഫോണിലെ ശൃംഗാരം കാതിന്‍റെ തിന്മയാണ്. കേട്ടു കേട്ടു കാണാന്‍ കൊതിയായി. പിന്നെ വീടു വിട്ടിറങ്ങുകയായി. ബസ്സ്റ്റാന്‍റും റെയില്‍വെ സ്റ്റേഷനും മൊബൈല്‍ കമിതാക്കളുടെ സംഗമ വേദിയായി. കാമുകനെ നേരില്‍ കണ്ടപ്പോള്‍ കാമുകി ബോധം കെട്ടുവീണ രസകരമായ കാഴ്ചയും ഒരു ബസ്സ്സ്റ്റാന്‍റിലുണ്ടായി. കാരണം ശബ്ദം പോലെയല്ല കണ്ടപ്പോള്‍ കാമുകന്‍. തൈക്കിളവന്‍.! പെണ്‍കുട്ടികള്‍ ഇങ്ങനെ നാണം കെടണോ? ഇഹജീവിതം ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. നിസ്സാര വികാരത്തില്‍ ഹോമിക്കേണ്ടതല്ല അത്. തിന്മ വരുന്ന വഴികള്‍ കൊട്ടിയടക്കാന്‍ സ്ത്രീക്കു കഴിയണം. ആര്‍ക്കും വീഴ്ത്താവുന്ന അബലയാവരുത് സ്ത്രീ. ഫോണ്‍ കാര്യത്തിലും നമുക്കൊരു വേലിയും വ്യവസ്ഥയും വേണം. മിസ്കോളുകള്‍ അവഗണിക്കണം. അജ്ഞാത കോളുകള്‍ വീട്ടിലെ ആണുങ്ങളെ ഏല്‍പിക്കണം. അന്യരോട് സംസാരിക്കേണ്ടിവരുന്പോള്‍ ഫോണിലായാലും വളരെ സൂക്ഷിച്ചുവേണം. മറുതലക്കലെ ആണിനു താല്‍പര്യം ജനിക്കും വിധം സ്വരത്തില്‍ മയം വേണ്ട. പിന്നെയും പിന്നെയും വിളിക്കാന്‍ തോന്നിക്കേണ്ട. നോക്കൂ, നബി പത്നിമാരാണല്ലോ ഉത്തമരായ മാതൃകാ മഹിളകള്‍; അവിവേകം കാട്ടാത്ത ഉത്തമ കുടുംബിനികള്‍. അവരോട് അല്ലാഹുവിന്‍റെ നിര്‍ദേശം കാണുക: നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളില്‍പെട്ട ആരെയും പോലെയല്ല. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നുവെങ്കില്‍. അതിനാല്‍ നിങ്ങള്‍ (അന്യരോടു സംസാരിക്കുന്പോള്‍) സംസാരത്തില്‍ സൗമ്യത കാട്ടരുത്. കാരണം ഹൃദയത്തില്‍ രോഗമുള്ളവന് താല്‍പര്യം തോന്നും. നിങ്ങള്‍ മാന്യമായ വാക്കു പറഞ്ഞു കൊള്ളുക. (അഹ്സാബ് 32) മനസ്സില്‍ ചെറിയ രോഗമൊന്നുമല്ല, കുഷ്ഠവും കാന്‍സറും തന്നെയുള്ളവരാണ് സമൂഹത്തില്‍ ഇന്നേറെ. അതിനാല്‍ സംസാരിക്കുന്നത് ഫോണിലായാലും സൂക്ഷിച്ചു വേണം. ഇല്ലെങ്കില്‍ നഷ്ടമാവുന്നത് മാനവും ഈമാനും! By:സ്വാദിഖ് അന്‍വരി (Risala)

Monday, October 28, 2013