Thursday, November 7, 2013

നിതാഖാത്തിനിടയില്‍ നോര്‍കയുടെ പുട്ടുകച്ചവടം


നിതാഖാത് പരിഷ്കരണം കര്‍ശനമായി നടപ്പാക്കുന്നതിന്‍െറ പ്രത്യാഘാതം എങ്ങനെ ഏറ്റുവാങ്ങും എന്ന ഭീതിയില്‍ സൗദി അറേബ്യയിലെ പ്രവാസികളും അവരുടെ കുടുംബവും തീ തിന്നുന്നതിനിടയില്‍ നമ്മുടെ പ്രവാസി വകുപ്പ് പുട്ടുകച്ചവടം നടത്തി എന്നു പറഞ്ഞാല്‍ തെറ്റാവില്ല. കോടികള്‍ മുടക്കി പ്രവാസികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ സായുജ്യത്തിലാണിവര്‍. ആ കണക്കാവട്ടെ, യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ഗള്‍ഫ് പ്രവാസം അര നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ മറുനാട്ടില്‍ ജീവിതമാര്‍ഗം തേടിപ്പോയ കേരളീയരുടെ കണക്കെടുക്കാന്‍ നടത്തുന്ന ഏതു ശ്രമവും ശ്ളാഘനീയമാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അവരുടെ ക്ഷേമ-പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ആധികാരികവും സൂക്ഷ്മവുമായ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണുതാനും. എന്നാല്‍, ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്‍െറ സഹായത്തോടെ ‘നോര്‍ക’ പൂര്‍ത്തിയാക്കിയ സര്‍വേയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ.സി. ജോസഫ് പുറത്തുവിട്ടപ്പോള്‍ പ്രവാസിസമൂഹവും ഈ വിഷയത്തില്‍ പഠനം നടത്തുന്നവരും തെല്ലൊന്ന് അമ്പരന്നെങ്കില്‍ അദ്ഭുതപ്പെടാനില്ല. കാരണം, സര്‍വേയില്‍ കണ്ടെത്തിയതായി പറയുന്ന കണക്ക് കൃത്യതയുള്ളതോ വിശ്വസനീയമോ അല്ല. 9500 എന്യൂമറേറ്റര്‍മാരുടെയും 2500 സൂപ്പര്‍വൈസര്‍മാരുടെയും സഹായത്തോടെ മുഴുവന്‍ വീടുകളും കയറിയിറങ്ങിയാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതെന്നാണ് ഔദ്യാഗിക ഭാഷ്യമെങ്കിലും അത് എത്രത്തോളം വസ്തുതാപരമാണെന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. സര്‍വേ അവതരിപ്പിക്കുന്ന കണക്കുകള്‍ അനുഭവയാഥാര്‍ഥ്യവുമായി ഒത്തുപോകുന്നില്ല എന്നാണ് വിഷയം ആഴത്തില്‍ അപഗ്രഥിക്കുന്നവര്‍ക്ക് മനസ്സിലാവുക. സര്‍വേയില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ കയറിക്കൂടിയിട്ടുണ്ട്. പ്രവാസി വീടുകളെക്കുറിച്ച് ജില്ല തിരിച്ചുള്ള കണക്കുകള്‍ നല്‍കുന്നുണ്ടെങ്കിലും എന്യൂമറേറ്റര്‍മാര്‍ എത്ര കാര്യക്ഷമമായി തങ്ങളുടെ ദൗത്യം നിറവേറ്റി എന്നത് പരിശോധിക്കേണ്ടതുണ്ട്. 2011ലെ കണക്കനുസരിച്ച് 333.88 ലക്ഷമാണ് കേരളത്തിലെ ജനസംഖ്യ. 14,26,853 മലയാളികള്‍ പുറംരാജ്യങ്ങളില്‍ ജീവസന്ധാരണം തേടുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 12,84,221 പേര്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നും പറയുന്നു. ഈ കണക്കനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളമാണ് പ്രവാസികള്‍. 30 ലക്ഷത്തിലേറെ കേരളീയര്‍ എന്‍.ആര്‍.ഐകളായുണ്ട് എന്നാണ് ഇതുവരെ സര്‍ക്കാര്‍പോലും പറഞ്ഞുകൊണ്ടിരുന്നത്. പുതിയ പഠനം അത് പകുതി കണ്ട് കുറക്കുന്നു. ഈ വസ്തുവിവരങ്ങളാവുമത്രെ മേലില്‍ സര്‍ക്കാര്‍ ആധികാരിക രേഖയായി ആശ്രയിക്കുക. അതുകൊണ്ടുതന്നെ, ഒറ്റയടിക്ക് സര്‍വേ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നത് ബുദ്ധിപൂര്‍വമാകില്ല. പ്രതിവര്‍ഷം 75,000 കോടി രൂപ വിദേശനാണയമായി നമ്മുടെ നാട്ടിലേക്കയക്കുന്ന ഒരു ജനവിഭാഗത്തെക്കുറിച്ചുള്ള ശരിയല്ലാത്ത കണക്കുകള്‍ അവലംബിക്കുന്നത് നീതിപൂര്‍വമോ യുക്തിഭദ്രമോ ആവില്ലതാനും. വിഷയത്തെ ലാഘവത്തോടെ കാണാന്‍ ഭരണകൂടങ്ങള്‍ക്ക് അത് പഴുത് നല്‍കാനിടയുണ്ട്. നോര്‍കയുടെ സര്‍വേ അനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്നത് യു.എ.ഇയിലാണ്- 5,07,087 പേര്‍. അറുപതുകളുടെ രണ്ടാം പാദത്തില്‍ ഗള്‍ഫ്പ്രവാസം തുടങ്ങുന്നതുതന്നെ ‘ദുബൈ’യിലാണ്. അറുപതുകളുടെ രണ്ടാം പാദത്തില്‍, വിസയോ മറ്റു രേഖകളോ ഇല്ലാതെ ലോഞ്ചില്‍ കയറി രാവിന്‍െറ ഇരുളില്‍ ഗോര്‍ഫുക്കാന്‍ കടല്‍ത്തീരങ്ങളില്‍ കരക്കടിഞ്ഞ ആദ്യ സംഘങ്ങള്‍ക്ക് പിന്നാലെ ജീവിതപ്പച്ച തേടിപ്പോയ മൂന്നു തലമുറകള്‍ യു.എ.ഇയില്‍ പ്രവാസത്തിന്‍െറ നോവുംവേവും അറിഞ്ഞുകഴിഞ്ഞു. ദുബൈ, അബൂദബി, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ തുടങ്ങിയ പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രവാസിസമൂഹം മലയാളികളുടേതാണ്. കേരളത്തിന്‍െറ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ മാറ്റിപ്പണിതത് അത്തറിന്‍െറ പൂമണം നമ്മുടെ നാട്ടില്‍ ആദ്യമായി പരത്തിയ ഇക്കൂട്ടരാണ്. അവരെല്ലാംകൂടി അഞ്ചു ലക്ഷമേ വരൂ എന്ന കണ്ടുപിടിത്തം അംഗീകരിക്കാന്‍ സാമാന്യബുദ്ധി അനുവദിക്കണമെന്നില്ല. കാരണം, അത്രക്കും വിപുലമാണ് എല്ലാ തരക്കാരും മതക്കാരും ഉള്‍ക്കൊള്ളുന്ന ‘ദുബൈ ഗള്‍ഫുകാര്‍’. ഇവരുടെ യഥാര്‍ഥ കണക്ക് ശേഖരിക്കാന്‍ ഇതുവരെ അന്നാടുകളില്‍വെച്ച് ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നത് രാജ്യത്തിന് പുറത്ത് കഴിയുന്ന പൗരന്മാരോടുള്ള നമ്മുടെ പൊതുവായ സമീപനത്തിന്‍െറ ഫലമായാണ്. അതേസമയം, മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ, പൗരന്മാര്‍ രാജ്യം വിടുന്ന സമയത്ത് എമിഗ്രേഷന്‍ രേഖകള്‍ വഴിയോ അല്ലെങ്കില്‍ അന്യനാട്ടിലെ തങ്ങളുടെ നയതന്ത്രാലയങ്ങള്‍ വഴിയോ കണക്കെടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായേനെ. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇപ്പോള്‍ വല്ല സേവനത്തിനും സമീപിക്കുന്നവരോട് ഇതിനായുള്ള പ്രത്യേക ഫോറം പൂരിപ്പിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്. വൈകി ഉദിച്ച ബുദ്ധിയാണെങ്കിലും, അങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കാനോ അടിസ്ഥാന വിവരങ്ങളായി സൂക്ഷിക്കാനോ സാമൂഹികക്ഷേമ കോണ്‍സലിന് കീഴില്‍ ജീവനക്കാരോ സംവിധാനമോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്നത് സൗദി അറേബ്യയിലാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു- 4,21,313 പേര്‍. തീര്‍ത്തും അവിശ്വസനീയമാണ് ഈ കണക്ക്. സൗദിയില്‍ ഒരു കോടിയോളം വരുന്ന പ്രവാസികളില്‍ ഏറ്റവും വലിയ തൊഴില്‍സേന ഇന്ത്യയില്‍നിന്നുള്ളതാണ്. സൗദി സര്‍ക്കാറും ദല്‍ഹി ഭരണകൂടവും 20 ലക്ഷം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലി തേടിയെത്തിയിട്ടുണ്ട് എന്നാണ് പറയാറ്. നിതാഖാത്തിനുശേഷവും സൗദിയിലേക്ക് ഇന്ത്യക്കാരുടെ പ്രവാഹം തുടരുകയാണെന്നും 25 ലക്ഷം കവിഞ്ഞിരിക്കയാണെന്നും കഴിഞ്ഞദിവസമാണ് റിയാദിലെ നമ്മുടെ നയതന്ത്രാലയ വക്താവ് ദമ്മാമില്‍ വെളിപ്പെടുത്തിയത്. ജിദ്ദ, മക്ക, മദീന, താഇഫ്, ഖമീസ് മുശൈത്ത് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മാത്രം 10 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യാഗിക ഭാഷ്യം. ഇതില്‍ പകുതിയിലേറെ മലയാളികളാണെന്നത് അവിതര്‍ക്കിതമാണ്. ജിദ്ദ എന്ന പുരാതന നഗരിയില്‍ ബക്കാല-ബൂഫിയ തൊട്ട് വിവിധ നിലവാരത്തിലുള്ള ബിസിനസ് സംരംഭങ്ങളിലെല്ലാം മലപ്പുറത്തിന്‍െറ മുദ്ര പതിഞ്ഞിട്ടുണ്ട്. ശറഫിയ മറ്റൊരു മഞ്ചേരിയോ കൊണ്ടോട്ടിയോ ആണ്. സൗദിയിലേക്കുള്ള കുടിയേറ്റമാണ് മലപ്പുറത്തെ പ്രവാസികളുടെ അംഗസംഖ്യയില്‍ ഒന്നാമതെത്തിക്കുന്നത്. ദുബൈയിലേക്ക് അറുപതുകളുടെ അന്ത്യത്തോടെ വന്‍ ഒഴുക്ക് ഉണ്ടായെങ്കില്‍ സൗദിയിലേക്ക് എഴുപതുകളുടെ രണ്ടാം പാദത്തിലാണ് കേരളീയര്‍ പച്ചപ്പ് തേടിയെത്തുന്നത്. എണ്ണ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നത് എഴുപതുകള്‍ക്കുശേഷമാണ്. പെട്രോഡോളര്‍ കുന്നുകൂടാന്‍ തുടങ്ങിയതോടെ അതുവരെ വികസനം കടന്നുവരാതിരുന്ന സൗദി ഗോത്രസംസ്കൃതിയിലേക്ക് മാറ്റത്തിന്‍െറ അരുണോദയം ഉണ്ടായി. ഇരുഹറമുകളില്‍പോലും വിപുലമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു. റോഡ്, പാലം, റെയില്‍ തുടങ്ങിയ അടിസ്ഥാന വികസനവും നഗരനിര്‍മാണവും കൂടുതല്‍ മറുനാടന്‍ തൊഴില്‍സേനയുടെമേലുള്ള ആശ്രിതത്വം വളര്‍ത്തി. തന്നെയുമല്ല, അതുവരെ മരുക്കാട്ടില്‍ വിയര്‍പ്പൊഴുക്കി ജീവസന്ധാരണം തേടിയ അധ്വാനശീലരായ തദ്ദേശീയരായ സൗദികള്‍ റിയാലിന്‍െറ അപ്രതിഹത പ്രവാഹത്തില്‍ സുഖിയന്മാരും അലസന്മാരുമായി മാറാന്‍ തുടങ്ങി. വിദേശ തൊഴിലാളികളില്ലെങ്കില്‍ ദൈനംദിന ജീവിതംതന്നെ താളംതെറ്റുന്ന അവസ്ഥയിലേക്ക് അവരുടെ സംസ്കാരം ആപതിച്ചു. ഫഹദ് രാജാവിന്‍െറ കാലത്ത് വികസനപ്രക്രിയകള്‍ ത്വരിതപ്പെടുത്താന്‍ കൂടുതല്‍ മാനവശേഷി ആവശ്യമായിവന്നപ്പോള്‍ ഉദാരമായ കുടിയേറ്റനയം ആവിഷ്കരിച്ചു. അതനുസരിച്ച്, ഹജ്ജ്-ഉംറ തീര്‍ഥാടകരായി വന്നശേഷം തൊഴിലിലേര്‍പ്പെട്ട ‘അനധികൃത കുടിയേറ്റക്കാരായ’ പ്രവാസികള്‍ക്ക് നിയമാനുസൃത താമസാനുമതി ( ഇഖാമ ) നല്‍കാന്‍പോലും അദ്ദേഹം വിശാലമനസ്കത കാണിച്ചു. അതോടെ, മലപ്പുറത്തുകാര്‍ കൂട്ടം കൂട്ടമായി സൗദിയിലേക്കൊഴുകി. മുത്തുനബിയുടെ നാടിനോടുള്ള മാനസികമായ അടുപ്പം അഭ്യസ്തവിദ്യരല്ലാത്ത സാധാരണക്കാരെയാണ് പുണ്യഭൂമിയിലേക്ക് കൂടുതലായി ആകര്‍ഷിച്ചത്. ഇന്ന് സൗദിയുടെ ഏതു ഭാഗത്ത് ചെന്നാലും പത്ത് ഇന്ത്യക്കാര്‍ കൂടുന്നിടത്ത് അഞ്ചു മലയാളികളെ കാണാന്‍ കഴിയും. ആ നിലക്ക് കണക്കുകൂട്ടുമ്പോള്‍ അവിടെ എട്ടു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ മലയാളികളുണ്ടാവുമെന്നാണ് അനുമാനിക്കേണ്ടത്. 41 ലക്ഷത്തിലേറെ ജനസംഖ്യയുള്ള മലപ്പുറത്ത് നോര്‍കയുടെ സര്‍വേ പ്രകാരം 2,92,753 പ്രവാസികള്‍ മാത്രമാണുള്ളത്. യാഥാര്‍ഥ്യത്തിന്‍െറ അടുത്തുപോലും എത്തില്ല ഈ കണക്ക്. അഞ്ചു ലക്ഷത്തിലേറെ മലപ്പുറത്തുകാര്‍ ഗള്‍ഫുനാടുകളില്‍ ജീവിതമാര്‍ഗം തേടുന്നുണ്ട് എന്ന് ആര്‍ക്കും കണ്ണടച്ച് പറയാനാവും. എന്‍.ആര്‍.കെ വീടുകള്‍ അടയാളപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയാവാം പ്രവാസിജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിന് തടസ്സമായത്. കേരളത്തിലെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങിയാണ് എന്യൂമറേറ്റര്‍മാര്‍ കണക്കെടുപ്പ് നടത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഗള്‍ഫുകാര്‍ കൂടുതലായുള്ള കണ്ണൂര്‍ ജില്ലയിലെ എത്രയോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള സര്‍വേകള്‍ നടന്നിട്ടില്ല എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫ്നാടുകളിലേക്ക് ചേക്കേറിയവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍നിന്നാണ്. ഗള്‍ഫ്സ്വാധീനം ഏറ്റവും പ്രകടമാവുന്നതും ഗ്രാമങ്ങളിലാണ്. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമങ്ങളിലും എന്യൂമറേറ്റര്‍മാര്‍ എത്തി സര്‍വേ പൂര്‍ത്തിയാക്കുക എന്നത് ക്ഷിപ്രസാധ്യമല്ല എന്ന് ആരും സമ്മതിക്കും. എന്നാല്‍, ഗ്രാമങ്ങളാണ് ഗള്‍ഫിലേക്കുള്ള ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രങ്ങളെന്നതിനാല്‍ ഒരു ശതമാനം ഗ്രാമങ്ങള്‍ വിട്ടുപോയാല്‍ കണക്കില്‍വരുന്ന വ്യതിയാനം വലുതായിരിക്കും. ഇടുക്കി ജില്ലയിലെ എടമലക്കുടി പഞ്ചായത്തില്‍ ഒരൊറ്റ ഗള്‍ഫുകാരനുമില്ല എന്ന വിവരം ആസൂത്രണ-പ്രവാസി മന്ത്രി കെ.സി. ജോസഫ് വലിയ പ്രാധാന്യത്തോടെ വെളിപ്പെടുത്തിയത് സര്‍വേയുടെ വിശ്വാസ്യത ഉറപ്പാക്കാനായിരിക്കാം. നല്ലത്. ഈ കണക്കെടുപ്പ് കേവലം അക്കാദമിക താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതല്ല. മേലില്‍ സര്‍ക്കാര്‍ പ്രവാസി നയം രൂപവത്കരിക്കുന്നതും ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുന്നതും ഈ ആധികാരിക രേഖ ആസ്പദമാക്കിയായിരിക്കും എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. വസ്തുനിഷ്ഠമല്ലാത്ത വിവരങ്ങള്‍വെച്ച് നടത്തുന്ന ഏത് പരിപാടിയും ലക്ഷ്യപ്രാപ്തിയിലെത്തില്ല എന്നതുകൊണ്ട് പ്രവാസികളുടെ കാര്യത്തില്‍ താല്‍പര്യമുള്ളവര്‍ തെറ്റ് തിരുത്താന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. (കാസിം ഇരിക്കൂര്‍)

No comments:

Post a Comment