Saturday, June 18, 2016
പെരുന്നാൾ കോടി
അത്താഴമില്ലാത്ത നോമ്പിന്റെ തളർച്ചയിൽ, സ്കൂൾ വിട്ട് അസർ നിസ്കരിക്കാനായി പള്ളിപ്പടികൾ കയറുമ്പോൾ ആ അഞ്ചാം ക്ലാസ്സുകാരനോട് കൂട്ടുകാരൻ ഉത്സാഹത്തോടെ പറഞ്ഞു.
"ഡാ...ന്റെ പെരുന്നാൾ കോടി എന്താന്നറിയോ....ജീൻസും ചോന്ന ചെക്ക് ഷർട്ടും അതിന്റെ മേലെ ഒരു കോട്ടും... അടിപൊളി.....ഇന്നലെ ഉപ്പ ഞങ്ങളെയൊക്കെ കൂട്ടിക്കൊണ്ടുപോയി പെരുന്നാൾക്കോടി എട്ത്ത് തന്ന്...."
പുതിയ സ്കൂളിലേക്ക് മാറിയപ്പോൾ യൂണിഫോം വാങ്ങാനുള്ള പണം ഉമ്മ എങ്ങനെയൊക്കെയാണ് ഒപ്പിച്ചത് എന്ന് അറിയാമായിരുന്നത് കൊണ്ട്, അവൻ ഒന്നും മിണ്ടാതെ ഹൌളിനടുത്തേക്ക് നടന്നു.
ഇങ്ങനൊരു റമദാനിലാണ്, "നോമ്പ് തുറന്നിട്ട് നമ്മക്ക് പെരുന്നാൾക്കോടി എടുക്കാൻ പോവാട്ടോ" എന്ന് കവിളിൽ ഉമ്മതന്ന് ഓട്ടോയും ഓടിച്ചു പോയ ഉപ്പയെ മഗ്രിബ് ബാങ്ക് കൊടുത്തിട്ടും കാണാതെ ഉമ്മയോടും കുഞ്ഞോളോടും ഒപ്പം പെരുമഴയിലേക്ക് നോക്കി കാത്തിരുന്നതും.....രാത്രിയിൽ നിരത്തിൽ വന്നു നിന്ന ആംബുലൻസിൽ നിന്നും വെള്ളത്തുണി പുതച്ച ഉപ്പയെ....
നോമ്പ് തുറക്കാൻ നേരം കാറ്റും മഴയും വകവെക്കാതെ ധൃതിപ്പെട്ട് വീട്ടിലേക്ക് ഓട്ടോ ഓടിച്ചു വരുമ്പോഴാണത്രെ മരം മുറിഞ്ഞു വീണ് ഉപ്പ.......
അന്ന് കെട്ടുപോയതാണ് ഉമ്മാന്റെ മുഖത്തെ പെരുന്നാൾ നിലാവ്....
പിന്നീട് ഒരു പെരുന്നാളിനും കോടി ഉണ്ടായിട്ടില്ല. ഇന്നലെ നോമ്പ് തുറക്കാൻ നേരം, ഉപ്പയുള്ള കാലത്തെ ഓർമ്മയിലായിരിക്കും കുഞ്ഞോള് വത്തക്ക വേണമെന്ന് വാശി പിടിച്ചപ്പോൾ ഉമ്മാന്റെ കണ്ണ് നിറഞ്ഞത് കാണാതിരിക്കാൻ മാത്രമല്ല "ഞാൻ പള്ളീന്ന് നോമ്പ് തുറന്നോളാം" എന്ന് ധൃതിപ്പെട്ട് പോന്നത്. ഞങ്ങൾക്ക് വിളമ്പിയതല്ലാതെ ഉമ്മാക്ക് നോമ്പ് തുറക്കാൻ ഒന്നും അടുക്കളയിൽ ഇല്ല എന്നറിയുന്നത് കൊണ്ടു കൂടിയാണ്....
ഉമ്മാന്റെ കയ്യിൽ പൈസയില്ലാലോ... പിന്നെന്ത് പെരുന്നാൾക്കോടി.
"അല്ലാഹ് ......ഈ പെരുന്നാളിനെങ്കിലും കുഞ്ഞോൾക്കും ഉമ്മാക്കുമെങ്കിലും പെരുന്നാൾക്കോടി...." നമസ്കാരം കഴിഞ്ഞു ദുആ ചെയ്യാൻ ഉയർത്തിപ്പിടിച്ച കുഞ്ഞിക്കൈകളിൽ കണ്ണീര് വീണു ചിതറി.
അപ്പോൾ പള്ളിപ്പറമ്പിലെ മീസാൻ കല്ലുകളെ തഴുകി തേങ്ങല് പോലൊരു കാറ്റുയർന്നു. പള്ളിക്കാട്ടിലെ നൊച്ചിയിലകൾക്ക് മേൽ കണ്ണീരു പോലെ മഴ പെയ്യാൻ തുടങ്ങി.
______________
കണ്ണ് നനയിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട് ഇപ്പോഴും നമുക്ക് ചുറ്റും. ആഘോഷ നാളുകളിൽ പോലും ആഹ്ലാദമില്ലാതായിപ്പോകുന്നവർ. അഭിമാനബോധം മൂലം മുണ്ടുമുറുക്കിയുടുത്ത് ജീവിക്കുന്ന അവർക്ക് പെരുന്നാൾക്കോടി ആലോചിക്കാൻ കഴിയാത്ത ആഡംബരമാണ്. നമ്മുടെ പരിസരത്തുള്ള ഇത്തരക്കാരെ കണ്ടെത്തി അവർക്ക് കൂടി പെരുന്നാൾക്കോടി വാങ്ങിച്ചു കൊടുത്തിട്ടാവണം നമ്മുടെ പെരുന്നാൾ ആഘോഷം.ആഘോഷത്തിൻ്റെ പൂർണ്ണതക്ക് പാവപ്പെട്ടവരുടെ കൂടി പങ്കാളിത്ത്വം നാം ഉറപ്പ് വരുത്തണം.അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.(From Whatsapp).
Subscribe to:
Post Comments (Atom)
ReplyDeleteBest Hospitals In Bahrain