പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ്‍ വേണമെന്ന്. ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്.
പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ്‍ വിളിച്ചപ്പോൾ ചോദിച്ചു.
"നിനക്ക് ഏത് ഫോണാ വേണ്ടത്..?
"എനിക്ക് ഫോണ്‍ വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ്‍ ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.."
മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു
"പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."?
മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
" ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം".
"സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.."
ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത് കൊണ്ട് പെരുന്നാളിൻറെ തലേ ദിവസമാണ് സൽമാന് പൈസ കിട്ടിയത്. കിട്ടിയ ഉടനെ ടൗണിൽ പോയി സൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത് വന്നു. കൊണ്ട് വന്ന ഡ്രസ്സ് കണ്ടപ്പോൾ ഉമ്മയൊന്നു ഞെട്ടി.!
" ഇതെന്താ സൽമാനെ രണ്ടും ഒരേപോലെയുള്ള ഡ്രസ്സ് എടുത്ത് വന്നത്.." ?!
"അത് ഉമ്മാ... ഒരു ജോഡി വിഷ്ണുവിന് വേണ്ടി വാങ്ങിയതാ..അവന് അച്ഛൻ ഇല്ലാത്തതല്ലേ.. കഴിഞ്ഞ ഓണത്തിന്ന് ഞങ്ങളെല്ലാരും പ്രേമം സ്റ്റൈലിൽ 'ബ്ലാക്ക് ഷർട്ട്' ഇട്ട് വന്നപ്പോ അവൻ മാത്രം പഴയ കള്ളി ഷർട്ട് ആണ് ഇട്ടത്.."
നീ ഓണത്തിന് പുതിയ കോടി എടുത്തില്ലേന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞത്.
"എൻറെ അച്ഛൻ ഉണ്ടായിരുന്നപ്പോ എല്ലാ ഓണത്തിനും എനിക്ക് പുതിയ ഡ്രസ്സ് വാങ്ങിത്തരുമായിരുന്നു. ഇന്നിപ്പോ അമ്മ കൂലിപ്പണി ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് വേണ്ടേ എല്ലാം കഴിയാൻ.. അമ്മക്കാണെങ്കിൽ സുഖവുമില്ല . അമ്മ കുറെ നിർബന്ധിച്ചതാ.. ഞാനാ പറഞ്ഞത് വേണ്ടാന്ന്..ആ പൈസ കൊണ്ട് അമ്മക്ക് മരുന്ന് വാങ്ങാലോ.." ! അന്നവനത് പറയുമ്പോൾ അവൻറെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.
"ഈ പെരുന്നാളിനും അവൻ പഴയ ഡ്രസ്സ് ഇട്ട് വന്നാൽ ഞാൻ എങ്ങനെയാണ് ഉമ്മാ അവൻറെ മുമ്പിൽ പുതിയ ഡ്രസ്സ് ഇട്ട് നിൽക്കുക. ഉമ്മാക്ക് അറിയുന്നതല്ലേ ഞങ്ങൾ തമ്മിലുള്ള ബന്ധം".
അത് നന്നായി മോനേ എന്ന് പറഞ്ഞ് ഉമ്മ അവൻറെ മുടിയിൽ തലോടി..
എന്നാ ഞാനിത് ഇപ്പം തന്നെ കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ് സൽമാൻ വിഷ്ണുവിൻറെ വീട്ടിലേക്ക് നടന്നു.
സൽമാനും, വിഷ്ണുവും അയൽവാസികളും, കളിക്കൂട്ടുകാരുമാണ്. ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്നവർ.
രണ്ട് വർഷം മുമ്പ് ഉണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് വിഷ്ണുവിൻറെ അച്ഛൻ മരിച്ചത്. വീടിൻറെ വിളക്കായിരുന്ന അച്ഛൻ ഇല്ലാതായതോടെ ആ കുടുംബം തന്നെ ഇരുട്ടിലായി എന്ന് പറയാം. അമ്മ കൂലിപ്പണിക്ക് പോകുന്നത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു..
സൽമാൻ ചെല്ലുമ്പോൾ വിഷ്ണുവിൻറെ അമ്മ മുറ്റത്തെ കിണറിൽ നിന്ന് വെള്ളം കോരുകയാണ്...
"അമ്മേ.. വിഷ്ണു എവിടെ"..?
"അവൻ കളിക്കാൻ പോയല്ലോ.. നീയിന്ന് കളിക്കാൻ പോയില്ലേ.."?
"ഇല്ല അമ്മേ.. ഞാനിന്ന് ടൗണിൽ പോയി വന്നപ്പം കുറച്ച് ലേറ്റായി.."
"വിഷ്ണു വന്നാൽ അമ്മ ഇത് അവന് കൊടുക്കണം" എന്ന് പറഞ്ഞ് ആ പൊതി അമ്മയുടെ കയ്യിൽ കൊടുത്ത് സൽമാൻ വീട്ടിലേക്ക് തിരിച്ച് നടന്നു..
പിറ്റേ ദിവസം ഇബ്രാഹിം നബിയുടെ ത്യാഗസ്‌മരണകൾ ഉണർത്തുന്ന ബലിപെരുന്നാളിൻറെ സൂര്യോദയം.
തക്ബീറിൻറെ മനോഹരമായ ഈരടികൾ വാനിൽ അലതല്ലി കാതുകളിൽ ഒഴുകിയെത്തി.
എല്ലാവരും കുളിച്ച് പുത്തനുടുപ്പിട്ട് അത്തറിൻ മണം പരത്തി പള്ളിയിലേക്ക് നടന്ന് നീങ്ങി..കൂട്ടത്തിൽ സൽമാനും..
പെരുന്നാൾ നിസ്കാരമൊക്കെ കഴിഞ്ഞ് കൂട്ടുകാരോടൊപ്പം സൽമാൻ തൻറെ വീടിൻറെ ഗേറ്റ് കടന്ന് വരുമ്പോൾ തലേന്ന് സമ്മാനമായി കിട്ടിയ പുത്തനുടുപ്പിട്ട് മുറ്റത്ത് തന്നെ വിഷ്ണു കാത്ത് നിൽക്കുന്നുണ്ടായിരുന്നു. സൽമാനെ കണ്ടതും ഓടിച്ചെന്നു അവനെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു.
' ഈദ് മുബാറക്..'
ഇത് വരെ കേട്ടതിൽ വെച്ച് ഏറ്റവും സന്തോഷവും മധുരവുമുള്ള ഈദ് മുബാറകാണതെന്ന് സൽമാന് തോന്നി.
ഷർട്ടിൻറെ കോളർ പൊക്കിപ്പിടിച്ച് വിഷ്ണു കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ പറഞ്ഞു.
"ഇത് സൽമാൻ എനിക്ക് തന്ന പെരുന്നാൾ സമ്മാനമാണ്".
അത് പറയുമ്പോൾ അവൻറെ മുഖത്തും കണ്ണിലും കണ്ട തിളക്കത്തിന്ന് പതിനാലാം രാവിലെ ചന്ദ്രൻറെ മൊഞ്ചുണ്ടായിരുന്നു.!!
ഇതൊക്കെ കണ്ട് കൊണ്ട് വാതിൽപ്പടിയിൽ നിന്നിരുന്ന സൽമാൻറെ ഉമ്മ തട്ടം കൊണ്ട് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.
" എല്ലാവരും കയറി ഇരിക്ക്.. ഞാൻ പായസം എടുത്ത് വെച്ചിട്ടുണ്ട്. നിങ്ങൾ അത് കുടിക്കുമ്പോഴേക്കും ഞാൻ ചോർ വിളമ്പാം.."
തൊപ്പിയിട്ട സൽമാനും, കുറി തൊട്ട വിഷ്ണുവും ഒരേ ഡ്രസ്സ് ധരിച്ച് തോളിൽ കയ്യിട്ട് കൊണ്ട് ആ വീടിൻറെ പടി കയറുമ്പോൾ പ്രകൃതിയിലെ ഇലകളും,പൂവുകളും, പറവകളും, കാറ്റ് പോലും അവരോട് പറയുന്നുണ്ടായിരുന്നു..
"ഈദ് മുബാറക്..ഈദ് മുബാറക്.." എന്ന്
--------------------------------------------------------------
പാവങ്ങളെ കണ്ടില്ലെന്ന് നടിച്ച്
പതിനായിരങ്ങൾ പൊടിച്ച് ആഘോഷങ്ങൾ ആർഭാടമാക്കുന്നവരും, ആഘോഷത്തിൽ പോലും വർഗീയതയുടെ വേലിക്കെട്ടുകൾ തീർത്ത് മറ്റുള്ളവരെ അകറ്റി നിർത്തുന്നവരും സൽമാനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ ആഘോഷങ്ങളൊക്കെ എത്ര മഹത്തരമായേനെ.... [truncated by WhatsApp]
No comments:
Post a Comment