Tuesday, September 22, 2015

ബലി


ഭക്ഷണമൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം വെള്ളമെടുക്കാൻ അടുക്കളയിൽ കയറിയപ്പോൾ അവിടെയതാ ഒരു പോത്ത്..ഞാൻ ഞെട്ടി പിറകോട്ട് മാറി...ഫ്രിഡ്ജിന്റെ വാതിൽ തുറന്ന് കിടപ്പുണ്ട്... പോത്ത് പറഞ്ഞു.."പേടിക്കേണ്ട...ഒന്നും ചെയ്യില്ല..ഫ്രിഡ്ജിനകത്തെ "ഞെരുക്കത്തിൽ" നിന്ന് അല്പം ആശ്വാസത്തിനായി പുറത്തിറങ്ങിയതാ... അല്ല സുഹൃത്തെ ഒരു സംശയം ചോദിച്ചോട്ടെ...പോത്ത് തുടർന്നു.. "ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ പേര് പറഞ്ഞാണല്ലോ നിങ്ങൾ ഞങ്ങളെ അറുത്ത് പ്ലാസ്റ്റിക് ബാഗുകളിലാക്കി ഫ്രീസറുകളിൽ സൂക്ഷിച്ച് ആഴ്ചകളോളം ത്യാഗത്തിന്റെ ബീഫ് ബിരിയാണിയും ബീഫ് ഫ്രൈയും കൊണ്ടാടുന്നത് ... ആയിക്കോട്ടെ നല്ലത്...പക്ഷെ എന്താണ് ഇതിലെ ത്യാഗം എന്ന് എനിക്ക് മനസ്സിലാകുന്നില്ല..ഇബ്രാഹിം നബി ദൈവ കല്പന അനുസരിച്ച് മകനെ തന്നെ ബലി നൽകാൻ തയ്യാറായതും ഏതോ കർണ്ണാടകയിൽ R S S കാരന്‍റെ ആലയില്‍ കിടന്ന ഞങ്ങളെ വില കൊടുത്ത് വാങ്ങിക്കൊണ്ട് വന്ന് അറുത്ത് തള്ളുന്നതും എങ്ങിനെയാണ് തുലനം ചെയ്യാൻ കഴിയുക..? നിങ്ങളും അറുക്കുന്നുണ്ടല്ലോ ,നാളെ ഒന്നിനെ...? ചെറിയൊരു നൊമ്പരപ്പാട് തോന്നുമോ മനസ്സിൽ..?ചോര ചീറ്റി കൈകാലിട്ടടിക്കുംപോൾ ഉള്ള കൗതുകക്കാഴ്ചക്കപ്പുറം ഒരു ഇസ്മായീലിനെ ബലി നൽകിയതിന്റെ ചെറിയ ഓർമ്മകളെങ്കിലും അലയടിക്കുമോ മനസ്സിൽ..? "ഇന്നലെ" കൊണ്ട് വന്ന മൃഗത്തിന്റെ കഴുത്തിൽ "ഇന്ന്" കത്തി വെക്കുമ്പോൾ വല്ലതും ത്യജിക്കുന്നതായിട്ട് ഫീൽ ചെയ്യില്ല..അതിനു നമ്മൾ തമ്മിൽ ചെറിയൊരു ബന്ധമെങ്കിലും ഉടലെടുക്കണം.. കുറച്ച് ദിവസം മുമ്പ് വാങ്ങി സ്വന്തമായി തീറ്റയും വെള്ളവും നൽകണം...വെള്ളമൊഴിച്ച് എന്നെയൊന്നു കുളിപ്പിക്കണം സ്നേഹപൂർവ്വം തലോടണം..ഒടുവിൽ ഞാനെന്ന വെറുമൊരു മൃഗം നിങ്ങളുടെ ആരോ ആണെന്ന് നിങ്ങൾക്ക് തോന്നണം ..അപ്പോഴാണ്‌ പടച്ചവന്റെ കല്പന വരുന്നത്..അറുക്കണം നീ അതിനെ..അപ്പോൾ നിന്റെ ഖൽബൊന്നു പിടയും..എങ്കിലും മനസ്സിനെ നേരയാക്കി എന്റെ റബ്ബിന്റെ കല്പനയാണ് എനിക്ക് വലുതെന്ന് പറഞ്ഞ് വിറക്കാത്ത കൈകളോടെ എന്റെ കഴുത്തിൽ കത്തിവെക്കണം .എന്നിട്ട് എന്റെ മാംസങ്ങൾ ആഴ്ചകളോളം ഉള്ളവന്റെ ഫ്രീസറിൽ വീണ്ടും വീണ്ടും തിരുകി കയറ്റുന്നതിനു പകരം ഇല്ലാത്തവന്റെ, കിട്ടാത്തവന്റെ പാത്രത്തിൽ എത്തിക്കണം..എങ്കിലേ അത് ത്യാഗമാകുന്നുള്ളൂ...അല്ലാത്ത പക്ഷം വെറുമൊരു ഇറച്ചി വാരാചരണം എന്നതിൽ കവിഞ്ഞ് ഒരു ത്യാഗവും അതിലില്ല... എന്റെ തല കുനിഞ്ഞു.. എന്ത് മറുപടി കൊടുക്കും ഞാൻ ആ മൃഗത്തിന്...? നിന്നോട് ദ്വേഷം ഉണ്ടായിട്ടോ ..നിന്നോട് ഇഷ്ട്ടക്കേട്‌ ഉണ്ടായിട്ടോ അല്ല പോത്തേ ...നിന്നെക്കാൾ വലുതാണ്‌ എനിക്ക് എന്റെ റബ്ബിന്റെ ഇഷ്ട്ടം എന്ന് തെളിയിക്കാൻ വേണ്ടി മാത്ത്രമാണ് ഇഷ്ടമില്ലാഞ്ഞിട്ടും നിന്നെ ഞാൻ റബ്ബിനു വേണ്ടി ബലി നല്കുന്നത്..നിനക്ക് യാതൊരു വേദനയും നിന്റെ സ്രഷ്ടാവ് തരില്ല എന്നെനിക്ക് ഉറപ്പാണ്.. .. മൃഗങ്ങള്ക്ക് മരണ വേദന അൽപം സഹിച്ചാൽ മതി..പിന്നീട് മണ്ണായി പോകും...പക്ഷേ മനുഷ്യർ അങ്ങനെയല്ല..മരണ വേദന വളരെ കട്ടിനമാണ്..കൂടാതെ മരണ ശേഷവും ഒരു ലോകമുണ്ട്...അവിടെ വിചാരനയുണ്ട്..നരകമുണ്ട്...ഇവിടെ നന്മകൾ ചെയ്‌താൽ മാത്രേ രക്ഷയുള്ളൂ..അങ്ങിനെ നോക്കുമ്പോൾ പോത്തേ നീ എത്ര ഭാഗ്യവാൻ. From whatsapp

പെരുന്നാള്‍ സമ്മാനം


പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട്‌ പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ്‍ വേണമെന്ന്. ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ്‍ വിളിച്ചപ്പോൾ ചോദിച്ചു. "നിനക്ക് ഏത് ഫോണാ വേണ്ടത്..? "എനിക്ക് ഫോണ്‍ വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ്‍ ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.." മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു "പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."? മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. " ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ്‌ വേണം". "സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ്‌ എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.." ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത് കൊണ്ട് പെരുന്നാളിൻറെ തലേ ദിവസമാണ് സൽമാന് പൈസ കിട്ടിയത്. കിട്ടിയ ഉടനെ ടൗണിൽ പോയി സൽമാൻ രണ്ട് ജോഡി ഡ്രസ്സ്‌ എടുത്ത് വന്നു. കൊണ്ട് വന്ന ഡ്രസ്സ്‌ കണ്ടപ്പോൾ ഉമ്മയൊന്നു ഞെട്ടി.! " ഇതെന്താ സൽമാനെ രണ്ടും ഒരേപോലെയുള്ള ഡ്രസ്സ്‌ എടുത്ത് വന്നത്.." ?! "അത് ഉമ്മാ... ഒരു ജോഡി വിഷ്ണുവിന് വേണ്ടി വാങ്ങിയതാ..അവന് അച്ഛൻ ഇല്ലാത്തതല്ലേ.. കഴിഞ്ഞ ഓണത്തിന്ന് ഞങ്ങളെല്ലാരും പ്രേമം സ്റ്റൈലിൽ 'ബ്ലാക്ക്‌ ഷർട്ട്' ഇട്ട് വന്നപ്പോ അവൻ മാത്രം പഴയ കള്ളി ഷർട്ട് ആണ് ഇട്ടത്.." നീ ഓണത്തിന് പുതിയ കോടി എടുത്തില്ലേന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞത്. "എൻറെ അച്ഛൻ ഉണ്ടായിരുന്നപ്പോ എല്ലാ ഓണത്തിനും എനിക്ക് പുതിയ ഡ്രസ്സ്‌ വാങ്ങിത്തരുമായിരുന്നു. ഇന്നിപ്പോ അമ്മ കൂലിപ്പണി ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് വേണ്ടേ എല്ലാം കഴിയാൻ.. അമ്മക്കാണെങ്കിൽ സുഖവുമില്ല . അമ്മ കുറെ നിർബന്ധിച്ചതാ.. ഞാനാ പറഞ്ഞത് വേണ്ടാന്ന്..ആ പൈസ കൊണ്ട് അമ്മക്ക് മരുന്ന് വാങ്ങാലോ.." ! അന്നവനത് പറയുമ്പോൾ അവൻറെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. "ഈ പെരുന്നാളിനും അവൻ പഴയ ഡ്രസ്സ്‌ ഇട്ട് വന്നാൽ ഞാൻ എങ്ങനെയാണ് ഉമ്മാ അവൻറെ മുമ്പിൽ പുതിയ ഡ്രസ്സ്‌ ഇട്ട് നിൽക്കുക. ഉമ്മാക്ക് അറിയുന്നതല്ലേ ഞങ്ങൾ തമ്മിലുള്ള ബന്ധം". അത് നന്നായി മോനേ എന്ന് പറഞ്ഞ് ഉമ്മ അവൻറെ മുടിയിൽ തലോടി.. എന്നാ ഞാനിത് ഇപ്പം തന്നെ കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ് സൽമാൻ വിഷ്ണുവിൻറെ വീട്ടിലേക്ക് നടന്നു. സൽമാനും, വിഷ്ണുവും അയൽവാസികളും, കളിക്കൂട്ടുകാരുമാണ്. ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്നവർ. രണ്ട് വർഷം മുമ്പ് ഉണ്ടായ ഒരു ബൈക്ക് അപകടത്തിലാണ് വിഷ്ണുവിൻറെ അച്ഛൻ മരിച്ചത്. വീടിൻറെ വിളക്കായിരുന്ന അച്ഛൻ ഇല്ലാതായതോടെ ആ കുടുംബം തന്നെ ഇരുട്ടിലായി എന്ന് പറയാം. അമ്മ കൂലിപ്പണിക്ക് പോകുന്നത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു.. സൽമാൻ ചെല്ലുമ്പോൾ വിഷ്ണുവിൻറെ അമ്മ മുറ്റത്തെ കിണറിൽ നിന്ന് വെള്ളം കോരുകയാണ്... "അമ്മേ.. വിഷ്ണു എവിടെ"..? "അവൻ കളിക്കാൻ പോയല്ലോ.. നീയിന്ന് കളിക്കാൻ പോയില്ലേ.."? "ഇല്ല അമ്മേ.. ഞാനിന്ന് ടൗണിൽ പോയി വന്നപ്പം കുറച്ച് ലേറ്റായി.." "വിഷ്ണു വന്നാൽ അമ്മ ഇത് അവന് കൊടുക്കണം" എന്ന് പറഞ്ഞ് ആ പൊതി അമ്മയുടെ കയ്യിൽ കൊടുത്ത് സൽമാൻ വീട്ടിലേക്ക് തിരിച്ച് നടന്നു.. പിറ്റേ ദിവസം ഇബ്രാഹിം നബിയുടെ ത്യാഗസ്‌മരണകൾ ഉണർത്തുന്ന ബലിപെരുന്നാളിൻറെ സൂര്യോദയം. തക്ബീറിൻറെ മനോഹരമായ ഈരടികൾ വാനിൽ അലതല്ലി കാതുകളിൽ ഒഴുകിയെത്തി. എല്ലാവരും കുളിച്ച് പുത്തനുടുപ്പിട്ട് അത്തറിൻ മണം പരത്തി പള്ളിയിലേക്ക് നടന്ന് നീങ്ങി..കൂട്ടത്തിൽ സൽമാനും.. പെരുന്നാൾ നിസ്കാരമൊക്കെ കഴിഞ്ഞ് കൂട്ടുകാരോടൊപ്പം സൽമാൻ തൻറെ വീടിൻറെ ഗേറ്റ് കടന്ന് വരുമ്പോൾ തലേന്ന് സമ്മാനമായി കിട്ടിയ പുത്തനുടുപ്പിട്ട് മുറ്റത്ത്‌ തന്നെ വിഷ്ണു കാത്ത് നിൽക്കുന്നുണ്ടായിരുന്നു. സൽമാനെ കണ്ടതും ഓടിച്ചെന്നു അവനെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു. ' ഈദ് മുബാറക്..' ഇത് വരെ കേട്ടതിൽ വെച്ച് ഏറ്റവും സന്തോഷവും മധുരവുമുള്ള ഈദ്‌ മുബാറകാണതെന്ന് സൽമാന് തോന്നി. ഷർട്ടിൻറെ കോളർ പൊക്കിപ്പിടിച്ച് വിഷ്ണു കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ പറഞ്ഞു. "ഇത് സൽമാൻ എനിക്ക് തന്ന പെരുന്നാൾ സമ്മാനമാണ്". അത് പറയുമ്പോൾ അവൻറെ മുഖത്തും കണ്ണിലും കണ്ട തിളക്കത്തിന്ന് പതിനാലാം രാവിലെ ചന്ദ്രൻറെ മൊഞ്ചുണ്ടായിരുന്നു.!! ഇതൊക്കെ കണ്ട് കൊണ്ട് വാതിൽപ്പടിയിൽ നിന്നിരുന്ന സൽമാൻറെ ഉമ്മ തട്ടം കൊണ്ട് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു. " എല്ലാവരും കയറി ഇരിക്ക്.. ഞാൻ പായസം എടുത്ത് വെച്ചിട്ടുണ്ട്. നിങ്ങൾ അത് കുടിക്കുമ്പോഴേക്കും ഞാൻ ചോർ വിളമ്പാം.." തൊപ്പിയിട്ട സൽമാനും, കുറി തൊട്ട വിഷ്ണുവും ഒരേ ഡ്രസ്സ്‌ ധരിച്ച് തോളിൽ കയ്യിട്ട് കൊണ്ട് ആ വീടിൻറെ പടി കയറുമ്പോൾ പ്രകൃതിയിലെ ഇലകളും,പൂവുകളും, പറവകളും, കാറ്റ് പോലും അവരോട് പറയുന്നുണ്ടായിരുന്നു.. "ഈദ്‌ മുബാറക്..ഈദ് മുബാറക്.." എന്ന് -------------------------------------------------------------- പാവങ്ങളെ കണ്ടില്ലെന്ന് നടിച്ച് പതിനായിരങ്ങൾ പൊടിച്ച് ആഘോഷങ്ങൾ ആർഭാടമാക്കുന്നവരും, ആഘോഷത്തിൽ പോലും വർഗീയതയുടെ വേലിക്കെട്ടുകൾ തീർത്ത് മറ്റുള്ളവരെ അകറ്റി നിർത്തുന്നവരും സൽമാനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ ആഘോഷങ്ങളൊക്കെ എത്ര മഹത്തരമായേനെ.... [truncated by WhatsApp]

ഉമ്മയുടെ സ്നേഹം

പുലര്‍ച്ചക്കാണ് ഫ്ലൈറ്റ് .. തിരിച്ച് പോകുന്നത് ആലോചിക്കുമ്പോള്‍ തന്നെ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നുന്നുണ്ട് . എഴുന്നേറ്റ് അകത്തേക്ക് ചെന്നപ്പോള്‍ ഭാര്യ വീട്ടിലേക്ക് വിളിക്കുന്ന തിരക്കിലാണ് . പുറത്തേക്കിറങ്ങിയപ്പോള്‍ പെങ്ങന്‍മ്മാരുംകുട്ടികളും എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ് . ഉപ്പ എന്തോ ആവശ്യത്തിന് രാവിലെ പോയതാണ് ഇത് വരെ വന്നിട്ടില്ല . അനുജന്‍മ്മാരാണങ്കില്‍ മൊബൈലില്‍ എന്തൊക്കെയാ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്നു ആര്‍ക്കും ഞാന്‍ പോകുന്നതില്‍ ഒരു സങ്കടവുമില്ല . പോകുന്ന എനിക്കാണല്ലോ സങ്കടങ്ങള്‍ വേണ്ടത് കാരണം ഞാനാണല്ലോ ഇവര്‍ക്കൊക്കെ വേണ്ടി കഷ്ട്ടപെടാന്‍ പോകുന്നത് . ഓരോന്ന് ആലോചിക്കും തോറും വല്ലാതെ അസ്വസ്ഥനാകുന്നത് അറിയുന്നുണ്ടായിരുന്നു .. കസേരയിലിരുന്ന് ഗള്‍ഫിലെത്തിയാലുള്ള ജോലിയെ കുറിച്ചും , ജീവിത രീതികളെ കുറിച്ചും വെറുതെയൊന്ന് ആലോചിച്ചപ്പോള്‍ നെടുവീര്‍പ്പിടാന്‍ മാത്രമേ കഴിഞ്ഞൊള്ളൂ .. ഇനി എത്ര കൊല്ലം കഴിഞ്ഞാണ് ഇത് പോലെ വീട്ടിലൊന്ന് ഇരിക്കാന്‍ കഴിയുക . ഇവിടെയുള്ളവര്‍ക്കൊക്കെ നല്ല സുഖം ഒന്നും അറിയണ്ട ... ഹാ .. എന്‍റെ വിധി എന്നും ചിന്തിച്ച് പുറത്തേക്കങ്ങനെ നോക്കിയിരുന്നു .. അപ്പോഴും മനസ്സില്‍ സങ്കടങ്ങളുടെ പെരുമഴ തിമര്‍ത്ത് പെയ്യുകയായിരുന്നു . .. പെട്ടെന്നാണ് അടുക്കള ഭാഗത്ത് നിന്നും എന്തോ പലഹാരമുണ്ടാക്കുന്നതിന്‍റെ മണം വന്നത് . പുറത്തേക്കിറങ്ങി അടുക്കള ഭാഗത്തേക്ക് ചെന്ന് തുറന്നിട്ട ജനലിലുള്ളിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ്ഗള്‍ഫിലേക്ക് കൊണ്ട് പോകാന്‍ തനിക്കിഷ്ട്ടപെട്ട പലഹാരം ഉണ്ടാക്കുന്ന ഉമ്മയെ കണ്ടത് . സന്തോഷത്തോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഉമ്മ കരഞ്ഞ് കൊണ്ടാണ് പലഹാരാമുണ്ടാക്കുന്നത് . കാര്യമെന്താണന്നറിയാന്‍ വേഗം അടുക്കളയിലേക്ക് കയറി ചെന്ന് " എന്തിനാണുമ്മാ കരയുന്നതെന്ന്..?" ചോദിച്ചപ്പോള്‍ " അത് പുക കൊണ്ടപ്പൊ കണ്ണു നിറഞ്ഞതാ മോനേ" എന്നും പറഞ്ഞ് മുഖം തട്ടം കൊണ്ട് തുടച്ച് ഉമ്മ ചിരിക്കാന്‍ ശ്രമിച്ചു പക്ഷെ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് വീണ്ടും കണ്ടതും അടുത്തേക്ക് ചെന്ന് കാര്യം തിരക്കിയപ്പോള്‍ഉമ്മ പറഞ്ഞു " മോനേ ഒരുമ്മാക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് മക്കള്‍ക്ക് എന്തൊക്കെയാണ് വേണ്ടത് അതെല്ലാം അവര്‍ക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുക എന്നത് എന്‍റെ കുട്ടിക്ക് പൂതിയുള്ളതൊന്നും കിട്ടാതെ ഞങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ അന്യ രാജ്യത്ത് ജീവിക്കുന്നത് ഓര്‍ത്തപ്പോ കരയാനല്ലാതെ ഉമ്മാക്ക് എന്തിനാ കഴിയാ " കൂടുതല്‍ പറയാന്‍ കിട്ടാതെ വിതുമ്പി കരയുന്ന ഉമ്മയെ ചേര്‍ത്ത് നിര്‍ത്തി ആ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊണ്ട് " .ഈ സ്നേഹം മതിയുമ്മാ എനിക്കീ ജന്മം മുഴുവനും ആ നാട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ " എന്ന്‍ തൊണ്ടയിടറി പറയുമ്പോള്‍ കുടുംബം നോക്കാന്‍ മക്കള്‍ നാട് വിട്ട് പോകുന്നതില്‍ ആര്‍ക്കും ദുഖമില്ലെങ്കിലും പറഞ്ഞാല്‍ തീരാത്ത ദുഃഖം രക്ഷിതാക്കള്‍ക്കുണ്ട് എന്ന് ബോധ്യപ്പെടുകയായിരുന്നു .. സ്നേഹത്തോടെ ഓരോ പ്രവാസിക്കും വേണ്ടി.. From Whatsapp