Sunday, September 11, 2016

ഈദോണാശംസകള്‍


ഒരു ബഹുമത സമൂഹത്തിന്റെ നൻമകൾ ഒന്നൊന്നായി കൊഴിഞ്ഞ് തീരുകയാണ്. കൊണ്ടും കൊടുത്തുമുള്ള ജീവിതം ഓർമ്മ മാത്രമായി. അയൽപക്കത്തെ വീട്ടിലേക്ക് തീ വാങ്ങാൻ പോലും ഓടി ചെന്നിരുന്നൊരു കാലമുണ്ടായിരുന്നു. പാചകത്തിന് എന്തെങ്കിലും കുറവ് വന്നാൽ ആവശ്യമായത് ചെറിയൊരു പാത്രത്തിൽ അളന്ന് വാങ്ങുകയായിരുന്നു അന്നത്തെ പതിവ്. നമുക്കിടയിലെ അതിരെയാളങ്ങൾ അന്ന് ഏറെ നേർത്തതായിരുന്നു. അതിരുണ്ടായിട്ടും അത് പരസ്പരമുള്ള കാഴ്ച മറച്ചിരുന്നില്ല. പോക്കുവരവുകളുടെ സൗകര്യത്തിന് അന്നത്തെ വേലികൾക്ക് ഇടക്കിടെ കയയുണ്ടായിരുന്നു. ഈ അയൽപക്കങ്ങൾക്കിടയിൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ വേറെയുണ്ടായിരുന്നില്ല. ഒരു വീട്ടുകാരെ പോലെ പോലെ കഴിഞ്ഞിരുന്ന നിരവധി വീട്ടുകാർ ആ ഗ്രാമീണ ജീവിതത്തിന്റെ ഊഷ്മളതയായിരുന്നു. ഇന്ന് അതെല്ലാം അപൂർവ്വാനുഭവങ്ങൾ മാത്രമായി മാറി. നമുക്കിടയിലെ അതിരുകൾക്ക് കനം വെച്ച് തുടങ്ങി. മറ്റുള്ളവരുടെ നോട്ടമെത്തരുത് എന്നത് കൂടിയാണ് പുതിയ മതിൽ കെട്ടുകളുടെ നിർമ്മാണ രഹസ്യം. പുറത്ത് മാത്രമല്ല സ്വന്തം മനസ്സിനുള്ളിലും മതിലുള്ളവരായി നാം മാറി. പരസ്പരമുള്ള പോക്ക് വരവുകൾ നിലച്ച് തുടങ്ങിയിരിക്കുന്നു. കുശലാന്വേഷണങ്ങളിൽ ആത്മാർത്ഥത ഇല്ലാതായിരിക്കുന്നു. നമ്മടെ കുടുംബ ഘടനയും സാമൂഹ്യ ഘടനയും അലങ്കോലപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്. അയൽപക്കത്തേക്കിപ്പോൾ ആരും വിഭവങ്ങൾ കൈമാറുന്നില്ല. ബാക്കി വരുന്ന ഭക്ഷണം നശിപ്പിച്ചാൽ പോലും അയൽവാസിക്ക് കൊടുക്കാൻ പലർക്കും മടിയാണ്. പഴയ പോലെ വറുതി ഇല്ലാത്തതിനാൽ അടുക്കള സാധനങ്ങൾ ചോദിച്ച് ആരും അയൽപക്കത്തേക്ക് പായുന്നുമില്ല. ഇങ്ങനെ സമ്പർക്കത്തിന്റെ എല്ലാ നനവും നൻമയും നമുക്കിടയിൽ നിന്ന് വറ്റിത്തീർന്നിരിക്കുന്നു. ഇന്ന് ഓരോരുത്തർക്കും അവനവന്റെ വീടാണ് ലോകം. കൈയിലെ സ്മാർട്ട് ഫോണിനോട് മാത്രമാണ് അടുപ്പം. ചിരിക്കുന്നതും സംസാരിക്കുന്നതും ഓൺലൈനിൽ മാത്രമാണ്. ഇങ്ങനെ നാട്ടു നൻമയുടെ ഓരോ അടരുകളും ഇല്ലാതാവുന്ന ഈ കാലത്തേക്കാണ് പെരുന്നാളും ഓണവും ഒന്നിച്ച് വരുന്നത്. വിശ്വാസത്തിന്റെ അതിരുകളെ മാനിച്ച് കൊണ്ട് തന്നെ നമുക്കിടയിലെ വൈരത്തിന്റെ മതിലുകളെ പൊളിച്ച് മാറ്റാൻ ഈ വേളകളെ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം. പഴയ തലമുറ നിലനിറുത്തിയ നൻമയാണ് ഇവിടെ നിലനിന്ന സമ്പർക്കത്തിന്റെ നാട്ടുവഴക്കങ്ങൾ. വിഷം വമിക്കുന്ന നാക്കു കൊണ്ട് ചില നേതാക്കളും പ്രഭാഷകരും നാട് കത്തിക്കാനുള്ള തീ പന്തവുമായി നടക്കുമ്പോൾ സൗഹൃദത്തിന്റെ സ്നേഹ സല്ലാപങ്ങൾകൊണ്ട് മാത്രമെ നമുക്കവരെ അതിജയിക്കാനാവൂ. ഏല്ലാവർക്കും ഐശ്വര്യപൂർണമായ ഈദ് ‐ ഓണം ആശംസകൾ

No comments:

Post a Comment